കെ.കെ. അർജുനൻ
മുളങ്കുന്നത്തുകാവ്: എന്തിനവനോട് ഇത്രയും വലിയ ചതി ചെയ്തു. അല്പം ജീവന് ബാക്കിവച്ചിരുന്നുവെങ്കില് ഞാന്‍ ഈ വയസുകാലത്തു കൂലിപ്പണിക്കു പോയി അവനെ നോക്കുമായിരുന്നല്ലോ.
ഇന്നുവരെ ഒരു തേങ്ങപോലും വഴിയില്‍ കണ്ടാല്‍ എടുക്കാത്ത എന്റെ മകനെ കള്ളന് എന്നു ചാര്‍ത്തി ഇരുന്പു തല്ലി പതംവരുത്തുന്നപോലെ അടിച്ച് പതം വരുത്തിയില്ലേ…. ആ അമ്മ പതംപറഞ്ഞ് കരയുകയാണ്.
കഴിഞ്ഞ ദിവസം അഭിഭാഷകനായ സജീഷ് ചുറ്റികകൊണ്ട് അടിച്ചുകൊന്ന, കണ്ണൻ എന്നു വിളിക്കുന്ന മണികണ്ഠന്റെ അമ്മ കുറുന്പയാണ് കണ്ണീർക്കാഴ്ചയാവുന്നത്.
ഒരിക്കലും തിരിച്ചുവരില്ലെന്നറിയാമെങ്കിലും ഇടിഞ്ഞുവീഴാറായ വീടിനു മുന്നിൽ തന്റെ മകനെയും കാത്ത് വഴിയിലേക്കു കണ്ണുംനട്ടിരിക്കുകയാണ് കുറുന്പ ഇപ്പോഴും.
നിർധന പട്ടികജാതി കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കണ്ണൻ. പിതാവ് കുട്ടപ്പൻ 17 വർഷം മുന്‍പ് മരിച്ചു. പിന്നീട് അമ്മ കുറുമ്പ കൂലിപ്പണി ചെയ്താണ് മക്കളായ കണ്ണന്, ബാലകൃഷണന്, സരസു എന്നിവരെ വളര്‍ത്തിയത്.
ബാലകൃഷ്ണൻ ഭിന്നശേഷിക്കാരനാണ്. സംസാരശേഷിയില്ല. സരസുവും അസുഖക്കാരിയാണ്. തകർന്നുവീഴാറായ വീടു നിൽക്കുന്ന ഭൂമിക്കു പട്ടയം പോലുമില്ല.
അല്പം മദ്യപിക്കുമെങ്കിലും ആർക്കും ഇതുവരെ ഒരു അലോഹ്യവും ഉണ്ടാക്കാത്തയാളായിരുന്നു കണ്ണൻ.
മാസങ്ങൾക്കുമുന്‍പും പ്രതിയായ സജീഷ് കണ്ണനെ മർദിച്ചിരുന്നതായി പറയുന്നു. പ്രതിയുടെ സഹോദരനെ ആക്രമിക്കണമെന്ന്് ആവശ്യപ്പെട്ടപ്പോൾ സമ്മതിക്കാത്തതിനായിരുന്നു മർദനമത്രെ.
പിന്നീടു ഭിന്നശേഷിക്കാരനായ സഹോദരന് ബാലകൃഷ്ണനെ പ്രതി സമീപിച്ചിരുന്നു. പോലീസുകാരനായ തന്റെ സഹോദരനെ കൊലപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
അല്ലെങ്കില്‍ നിന്റെ ചേട്ടനെ കൊലപ്പെടുത്തുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെന്നും കുറുമ്പ പറഞ്ഞു.
കൊല നടന്ന ദിവസം തോട്ടിൽ ചൂണ്ടയിടാൻ പോയ കണ്ണനെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു കുറന്പ പറയുന്നു.
പിന്നീടു രാത്രി കണ്ണന്റെ മരണവാർത്തയാണ് കേട്ടത്. പട്ടികജാതിക്കാരെ കൊന്നുരസിച്ചിരുന്ന തമ്പ്രാക്കമാരെ കണ്ടുവളര്‍ന്ന ആളാണ് ഞാന്‍.
അത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണോ എന്നും വൃദ്ധയായ അമ്മ കണ്ണീർ തുടച്ചുകൊണ്ട് ചോദിക്കുന്നു.
എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന കണ്ണന്റെ മരണം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ ഇപ്പോഴും.