ദുബായ്: ഇന്ത്യയുടെ സെമി ഫൈനൽ മോഹങ്ങൾക്കു മങ്ങലേൽപ്പിച്ച് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ തുടർച്ചയായ രണ്ടാം മത്സരവും തോറ്റു.
നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ന്യൂസിലൻഡ് തോൽപ്പിച്ചത്. ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റിന് 110 റണ്‍സ്. ന്യൂസിലൻഡ് 14.3 ഓവറിൽ രണ്ടു വിക്കറ്റിന് 111 റണ്‍സ്.
ഇന്ത്യ മുന്നോട്ടുവച്ച ചെറിയ വിജയലക്ഷ്യം അനായാസമായാണ് കിവീസ് ബാറ്റർമാർ മറികടന്നത്. ഓപ്പണർ ഡെറിൽ മിച്ചൽ നാലു ഫോറും മൂന്നു സിക്സുമടക്കം 49 റണ്‍സുമായി ടോപ് സ്കോറായി.
നായകൻ കെയ്ൻ വില്യംസണ് 31 പന്തിൽ 33 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിനെ ജയത്തിലേക്കു നയിച്ചു. കോണ്‍വെ (രണ്ട്) നായകനു കൂട്ടായി ക്രീസിലുണ്ടായിരുന്നു. മാർട്ടിൻ ഗപ്ടിൽ 20 റണ്‍സുമായി പുറത്തായി. ബുംറയ്ക്കായിരുന്നു രണ്ടു വിക്കറ്റുകളും.
സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ ബാറ്റിംഗ് മറന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റണ്‍സ് മാത്രം.
അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ അനങ്ങാൻ അനുവദിച്ചില്ല. 11 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യക്ക് സാധിച്ചില്ല. നാല് ഓവറിൽ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്.
നാല് ഓവറിൽ വെറും 17 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.19 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 26 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാർ യാദവിനു പകരം ഇഷാൻ കിഷനും ഭുവനേശ്വർ കുമാറിനു പകരം ശാർദുൽ ഠാക്കൂറുമെത്തി.
സ്കോർബോർഡ്
ഇന്ത്യ ബാറ്റിംഗ്
രാഹുൽ സി മിച്ചൽ ബി സൗത്തി 18, ഇഷാൻ കിഷൻ സി മിച്ചൽ ബി ബൗൾട്ട് 4, രോഹിത് സി ഗപ്ടിൽ ബി സോധി 14, കോഹ് ലി സി ബോൾട്ട് ബി സൗത്തി 9, പന്ത് ബി മിൽനെ 12, പാണ്ഡ്യ സി ഗപ്ടിൽ ബി ബോൾട്ട് 23, ജഡേജ നോട്ടൗട്ട് 26, ഠാക്കൂർ സി ഗപ്ടിൽ ബി ബോൾട്ട് 0, ഷമി നോട്ടൗട്ട് 0, എക്സ്ട്രാസ് 4. ആകെ 20 ഓവറിൽ 110/7.
ബൗളിംഗ്
ട്രെൻഡ് ബോൾഡ് 4-0-20-3, ടിം സൗത്തി 4-0- 26-1, മിച്ചൽ സാന്റനർ 4-0-15-0, ആദം മിൽനെ 4-0-30-1, സോധി 4-0-17-2
ന്യൂസിലൻഡ് ബാറ്റിംഗ്
ഗപ്ടിൽ സി ഠാക്കൂർ ബി ബുംറ 20, ഡെറിൽ മിച്ചൽ സി രാഹുൽ ബി ബുംറ 49, കെയ്ൻ വില്യംസണ് നോട്ടൗട്ട് 33, ഡെവോൺ കോൺവെ നോട്ടൗട്ട് 2, എക്സ്ട്രാസ് 7 ആകെ 14.3 ഓവറിൽ 111/2.
ബൗളിംഗ്
വരുണ്‍ ചക്രവർത്തി 4-0-23-0, ബുംറ 4-0-19-2, ജഡേജ 2-0-23-0, ഷമി 1-0-11-0, ഠാക്കൂർ 1.3-0-17-0, 2-0-17-0