സ്വന്തംലേഖകന്‍
കോഴിക്കോട് : വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ കാഠ്മണ്ഡുവഴി കേരളത്തിലേക്ക് സ്ഥിരമായി കടക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. കാഠ്മണ്ഡു വഴിയുള്ള സ്വര്‍ണക്കടത്ത് രാജ്യത്തിന് ഭീഷണിയായി മാറിയതിന് പിന്നാലെയാണ് ക്രിമിനലുകളും ഇതേ മാര്‍ഗം സ്വീകരിക്കുന്നതായി പോലീസ് കണ്ടെത്തിയത്.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളം വഴി തിരിച്ചെത്താനാകില്ല. വിമാനത്താവളത്തില്‍വച്ച് തന്നെ ഇവരെ തടഞ്ഞുവയ്ക്കുകയും അതത് സംസ്ഥാനത്തെ പോലീസിന് കൈമാറുകയും ചെയ്യും.
ഈ സാഹചര്യത്തിലാണ് കാഠ്മണ്ഡു വിമാനത്താവളം വഴി കേരളത്തിലേക്ക് ക്രിമിനലുകള്‍ സമാന്തരപാത സൃഷ്ടിച്ചത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കാഠ്മണ്ഡുവഴിയുള്ള ‘ക്രിമനല്‍ പ്രവേശനം’ കണ്ടെത്തിയത്.
സമാനമായ രീതിയില്‍ പല കേസുകളിലേയും പ്രതികള്‍ ഈ പാത ഉപയോഗിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
ദുബായ് ടു കാഠ്മണ്ഡു
ദുബായില്‍നിന്ന് നേപ്പാളിലെ കാഠ്മണ്ഡു വഴിയാണ് സ്വര്‍ണ-ഹവാല-ക്രിമിനലകളുടെ സഞ്ചാരം. കോഴിക്കോട് ട്രാഫിക്ക് നോര്‍ത്ത് അസി.കമ്മീഷണര്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ലുക്കൗട്ട്നോട്ടീസും പുറപ്പെടുവിച്ചു.
എന്നാല്‍ ദുബായില്‍ നിന്നുള്ള പ്രതി അന്വേഷണ ഏജന്‍സികള്‍ അറിയാതെ കോടതിയില്‍ കീഴടങ്ങിയതോടെയാണ് റൂട്ടിനെക്കുറിച്ച് പോലീസ് അന്വേഷിച്ചത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് കാഠ്മണ്ഡു വഴി പശ്ചിമബംഗാളിലെത്തിയെന്നും അവിടെ നിന്ന് കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് മൊഴി നല്‍കിയത്.
ദുരൂഹത നിറഞ്ഞ മൊഴി
ദുബായില്‍ നിന്ന് കാഠ്മണ്ഡുവില്‍ എത്തിയെന്നാണ് പ്രതിയുടെ മൊഴി. കാഠ്മണ്ഡുവില്‍ വന്നിറങ്ങിയ പ്രതി പിന്നീട് പ്രാദേശിക ടാക്സി സര്‍വീസിനെ ആശ്രയിച്ചു. ആധാര്‍ കാര്‍ഡ് മാത്രം കൈയിലുണ്ടായാല്‍ എവിടേക്കും കടക്കാനാവുമെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. ഇപ്രകാരം ട്രക്കറില്‍ കയറി പശ്ചിമ ബംഗാളിലെത്തി.
അവിടെ നിന്ന് പട്ന -ബീഹാര്‍-ബാട്ടിയ വഴി പശ്ചിമബംഗാളിലെത്തി. 20 മണിക്കൂറോളം യാത്ര ചെയ്താണ് ബംഗാളിലെത്തിയത്. അവിടെവച്ച് നെഞ്ചു വേദന വരികയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തുവെന്നാണ് മൊഴി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ട്രെയിനില്‍ കോഴിക്കോടേക്ക് എത്തുകയും ചെയ്തുവെന്നാണ് പറയുന്നത്.
അതേസമയം കാഠ്മണ്ഡുവില്‍ നിന്ന് 797 കിലോമീറ്റര്‍ ദൂരെയുള്ള പശ്ചിമബംഗാളിലേക്ക് എന്തിന് പോയി എന്നതില്‍ പോലീസിന് സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ചുവരികയാണ്.
പാസ്പോര്‍ട്ട് മിസിംഗ് !
ദുബായില്‍ നിന്ന് കാഠ്മണ്ഡു വഴി കോഴിക്കോടെത്തിയ പ്രതിയുടെ പാസ്പോര്‍ട്ട് ഇതുവരേയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ട് കാണാതായെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വസിച്ചിട്ടില്ല. കാഠ്മണ്ഡുവില്‍ വിമാനമിറങ്ങിയ വിവരം പാസ്പോര്ട്ടില് രേഖപ്പെടുത്തും.
അവിടെ നിന്ന് ബംഗ്ളാദേശിലേക്ക് പോയിരിക്കാനുള്ള സാധ്യതയാണ് പോലീസ് സംശയിക്കുന്നത്. പശ്ചിമബംഗാളില്‍ എത്തിയതായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ബംഗ്ളാദേശ് സാധ്യത പോലീസ് സംശയിക്കുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് വിമാനമാര്‍ഗം ബംഗ്ളാദേശിലെത്താനുള്ള സാധ്യതയും ഏറെയാണെന്ന് അന്വേഷണസംഘം പറയുന്നു.
അപ്രകാരം വിമാനമാര്‍ഗം എത്തിയതിനാലായിരിക്കണം പാസ്പോര്‍ട്ട് ഹാജരാക്കാത്തതെന്നാണ് പോലീസ് പറയുന്നത്. ബംഗ്ളാദേശില്‍ നിന്ന് എളുപ്പത്തില്‍ പശ്ചിമബംഗാളിലേക്ക് കടക്കാനും സാധിക്കും. ഈ വഴിയാണോ പ്രതി എത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്.