കൊച്ചി: ഡല്‍ഹി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ 26-നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
പോക്സോ കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്കു ശനിയാഴ്ചയാണ് എറണാകുളം അഡീ. സെഷന്‍സ് (പോക്സോ) കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ പ്രതികള്‍ റിമാന്‍ഡില്‍ ആയിരുന്നു. അതിനാല്‍ ഇവരെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ നടപടികള്‍ ഉണ്ടാകും.
ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മകള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഡല്‍ഹി സ്വദേശിയായ യുവാവിനൊപ്പം നാടുവിടുകയായിരുന്നു.
ഒപ്പം ഇളയസഹോദരിയേയും കൂടെ കൂട്ടി. തന്റെ മക്കളെ കാണാനില്ലെന്നു കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പോലീസ് ഇവരെ ഡല്‍ഹിയില്‍ കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ സഹോദരന്മാര് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നോര്‍ത്ത് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി സഹോദരന്മാരുടെ പേര് പറഞ്ഞതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
തങ്ങളുടെ മക്കളെ കേസില്‍ നിന്ന് ഒഴിവാക്കാനായി നോര്‍ത്ത് പോലീസ സ്റ്റേഷനിലെ എഎസ്ഐ അഞ്ചു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ തട്ടിക്കൊണ്ടുപോയ യുവാവിനെതിരെ കേസ് എടുക്കാന്‍ പോലീസ് തയാറായുമില്ല. സംഭവവുമായി ബന്ധപ്പെട്ട് നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.