കൊച്ചി: എറണാകുളം വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച മിസ് കേരള റണ്ണര്‍ അപ്പ് തൃശൂര്‍ ആളൂര്‍ അമ്പാടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ഡോ. അഞ്ജന യാത്രയായത് തന്റെ കന്നിച്ചിത്രത്തിന്റെ റിലീസ് അടുത്തമാസം നടക്കാനിരിക്കെ.
സൗന്ദര്യമത്സരങ്ങളില്‍ തിളങ്ങിയ അഞ്ജനയ്ക്ക് വെള്ളിത്തിരയില്‍ തിളങ്ങാനും മോഹമുണ്ടായിരുന്നു.റോഷന് ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രമായ ‘സല്യൂട്ടി’ ല്‍ നല്ലൊരു വേഷം ഡോ. അഞ്ജന ചെയ്തിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങും മുൻപ് അഞ്ജനയെ മരണം കവര്‍ന്നു.
ദുൽഖറിനൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു അഞ്ജനയുടേത്. തുടക്കക്കാരി എന്ന തോന്നല്‍ ഉണ്ടാക്കാതെ വളരെ നല്ല അഭിനയമാണ് ചിത്രത്തില്‍ അഞ്ജന കാഴ്ചവച്ചതെന്ന് ചിത്രത്തിന്റെ സഹസംവിധായകന് ദിനേശ് മേനോന് ഓര്‍ത്തെടുക്കുന്നു.
സെറ്റിലുള്ള എല്ലാവരുടെയും സ്നേഹം നേടിയ അഞ്ജനയുടെ മരണത്തിന്റെ ഞെട്ടലിലാണ് ‘സല്യൂട്ടി’ന്റെ അണിയറ പ്രവര്‍ത്തകര്‍.
അഞ്ജന അഭിനയിച്ച ‘കമ്മല്‍ സ്റ്റോറി ’ എന്ന ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്തുള്ള അഞ്ജന നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ജനയും ഒപ്പം മരിച്ച അന്‍സിയും സൗന്ദര്യമത്സരങ്ങളിൽ ഒരുമിച്ചു പങ്കെടുത്തതു മുതൽ തുടങ്ങിയ സൗഹൃദമായിരുന്നു. കോവിഡ് കാലത്തും സൗഹൃദം കാത്തുസൂക്ഷിച്ച ഇവർ പല പരിപാടികളിലും ഒന്നിച്ചു പങ്കെടുത്തു.
അത്തരത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. റാന്പിൽ തുടങ്ങിയ ആ സൗഹൃദം മരണത്തിലും പിരിഞ്ഞില്ല.
സീമ മോഹന്‍ലാല്‍