ഫോമില്ലാതെ നട്ടംതിരിയുന്ന നായകൻ, മുൻകാല പ്രകടനങ്ങളുടെ പേരിൽ ടീമിലെടുത്ത താരങ്ങൾ, ബയോ ബബിളിൽ വീർപ്പുമുട്ടുന്ന ടീം- ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടതില്ല.
മോശം പ്രകടനത്തിന് ഒരൊറ്റ കാരണം കണ്ടെത്താൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. ചിലപ്പോഴത്, ആദ്യമത്സരത്തിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദി എറിഞ്ഞ 12 പന്തുകളാകാം, നായകൻ വിരാട് കോഹ്ലി പറഞ്ഞപോലെ ടീമിന്റെ ധൈര്യം നഷ്ടപ്പെട്ടതാകാം. ഇന്ത്യയുടെ ദയനീയ പ്രകടനത്തിലേക്കു നയിച്ച പ്രധാന കാരണങ്ങളെക്കുറിച്ച്:
1. നായകത്വം ഒഴിഞ്ഞ കോഹ്ലി
എല്ലാ നായകന്മാര്ക്കും ഒരു കാലാവധിയുണ്ട്. ആ സമയം തിരിച്ചറിയാൻ കഴിയുന്നവർ ചുരുക്കമാണ്. സുനിൽ ഗാവസ്കറും മഹേന്ദ്രസിംഗ് ധോണിയും ഇതു തിരിച്ചറിഞ്ഞവരാണ്. ട്വന്റി 20 ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്പാണു കോഹ്ലിക്ക് ഇക്കാര്യം മനസിലായത്.
നായകത്വം ഒഴിയുമെന്നു പ്രഖ്യാപിക്കാൻ (ഐപിഎലിൽനിന്ന് ഉൾപ്പെടെ) പിന്നെ ഒട്ടും മടിച്ചില്ല. മൾട്ടി-ടീം ടൂർണമെന്റുകളിൽ കോഹ്ലിക്കു കാലിടറുന്നതു പുതുമയുള്ള കാര്യമല്ല. ടീം സെലക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ലോകകപ്പിൽ കോഹ്ലിയുടെ വഴിക്കു വന്നില്ല എന്നതാണു യാഥാർഥ്യം.
2. പാണ്ഡ്യ ഫാക്ടർ
2019ൽ ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം ഹാർദിക് പാണ്ഡ്യ പൂർണമായി ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല. ബൗളിംഗ് ഫിറ്റ്നസും ബാറ്റിംഗ് ഫോമും പലപ്പോഴും ചോദ്യംചെയ്യപ്പെട്ടു. ആരാണു പൂർണമായി ഫിറ്റല്ലാത്ത, ഐപിഎലിൽ ഒരു പന്തുപോലും എറിയാത്ത ഹാർദിക്കിനെ ടീമിൽ ഉൾപ്പെടുത്താൻ വാശിപിടിച്ചത്?
സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമയോ നായകൻ കോഹ്ലിയോ? എന്തായാലും പാണ്ഡ്യയുടെ തെരഞ്ഞെടുപ്പും ബാറ്റിംഗ് പ്രകടനവും (11 പന്തിൽ 8, 24 പന്തിൽ 24) ടീമിന്റെ ദയനീയ പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നു വ്യക്തം.
3. മറുപടി തേടി സെലക്ടർമാർ
കുട്ടിക്രിക്കറ്റിൽ ചിലപ്പോൾ വന്പൻമാരെ കുഞ്ഞന്മാർ അട്ടിമറിക്കാറുണ്ട്. ആ തോൽവിയുടെ പേരിൽ സെലക്ടർമാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. എന്നാൽ, ട്വന്റി 20 ലോകകപ്പിനു തൊട്ടുമുന്പാണ് ഐപിഎൽ നടന്നത്.
ഫോമിന്റെ അടിസ്ഥാനത്തിൽ ടീമിൽ മാറ്റം വരുത്താൻ അവസരമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ യുഎഇയിൽ മികച്ച പ്രകടനങ്ങളുമായി ഓറഞ്ച് ക്യാപ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ടീമിൽ എത്തിയേനെ. എന്നാൽ അതുണ്ടായില്ല.
ഭുവനേശ്വർ കുമാർ രണ്ടു വർഷമായി ഫോമിലല്ല. ദീപക് ചാഹറിനെ പിന്തള്ളി ഭുവി ടീമിൽ ഇടംപിടിച്ചു. ഐപിഎലിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച യുസ്വേന്ദ്ര ചാഹലും ഒഴിവാക്കപ്പെട്ടു. ഇന്ത്യക്കെതിരേ ഇഷ് സോധി പുറത്തെടുത്ത പ്രകടനം നോക്കുന്പോൾ ചാഹലിന്റെ കാര്യത്തിൽ സെലക്ടർമാർക്കു മറുപടിയില്ല.
4. ബയോ ബബിൾ
നാലു മാസമായി ഇന്ത്യൻ ടീം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ ബയോ ബബിളിലാണു ജീവിക്കുന്നത് (ഐപിഎൽ രണ്ടാം ഷെഡ്യൂൾ ഉൾപ്പെടെ). ബബിൾ കളിക്കാരുടെ മാനസികവും ശാരീരികവുമായ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്.
കോവിഡ് വന്നത് ആരുടെയും കുറ്റമല്ല. കോടികൾ മറിയുന്ന ഐപിഎൽ ഉപേക്ഷിക്കാൻ ബിസിസിഐക്കു കഴിഞ്ഞിരുന്നെങ്കിൽ ഫലം ചിലപ്പോൾ മറ്റൊന്നായേനെ. കളിയുടെ ഷെഡ്യൂളുകളും ഏതൊക്കെ ടൂർണമെന്റുകളിൽ കളിക്കണമെന്നും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന പേസർ ജസ്പ്രീത് ബുംറയുടെ വാക്കുകളിലുണ്ട് എല്ലാ അമർഷവും.
5. ലാഭക്കൊതി
ദുബായിലെ പിച്ചുകളിൽ കളി പുരോഗമിക്കുംതോറും മഞ്ഞുവീഴ്ച വർധിക്കും. ഇത് ബാറ്റിംഗിന് അനുകൂലമാകും. രണ്ടു മത്സരങ്ങളിലും കോഹ്ലിക്കു ടോസ് കിട്ടിയില്ല, ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു. ഇതിൽത്തന്നെ കാര്യങ്ങൾ ഏറെക്കുറെ തീരുമാനമായി.
സൂക്ഷിച്ചുനോക്കിയാൽ ഈ മത്സരക്രമത്തിൽ ചില പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്കൊക്കെ ഉച്ചയ്ക്കുശേഷം (പ്രാദേശിക സമയം രണ്ടിന്) മത്സരങ്ങളുണ്ട്.
മഞ്ഞുവീഴ്ച ബാധിക്കാത്ത സമയങ്ങളിൽ ഈ ടീമുകൾ കളിച്ചു. ഇന്ത്യയുടെ മത്സരങ്ങൾ പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് ആരംഭിക്കുന്നത്.
ബ്രോഡ്കാസ്റ്റിംഗ് ലാഭവും ഇന്ത്യൻ ടിവി പ്രേക്ഷകരെയും മനസിൽവച്ച് ബിസിസിഐയും ഐസിസിയും ഒന്നിച്ചെടുത്ത തീരുമാനമാണ് ഈ സമയം.
കൂടാതെ, ഒരെണ്ണമൊഴികെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ബാറ്റിംഗ് ദുഷ്കരമായ ദുബായിലാണു നടക്കുന്നത്. ഗൾഫിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് ഇവിടെയാണ്. ടിക്കറ്റ് ലാഭം നോക്കിയാണു വേദി നിശ്ചയിച്ചതെന്നു വ്യക്തം.
മരുഭൂമിയിൽ അദ്ഭുതം കാത്ത്!
രണ്ടു മത്സരം, രണ്ടു തോൽവി, സൂപ്പർ 12 ഗ്രൂപ്പ് ബിയിൽ അഞ്ചാമത്. ടൂർണമെന്റ് തുടങ്ങിയപ്പോൾത്തന്നെ പുറത്തായ അവസ്ഥയിലാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരം ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ കണക്കിലെങ്കിലും അവസാനിച്ചിട്ടില്ല.
എന്നാൽ അദ്ഭുതങ്ങൾക്കായി കാത്തിരിക്കണം. ഇന്ത്യയുടെ സെമി സാധ്യതകൾ ഇങ്ങനെ:
സ്കോട്ലൻഡ്, നമീബിയ ടീമുകൾക്കെതിരേ ഇന്ത്യയും പാക്കിസ്ഥാനും ന്യൂസിലൻഡും ജയിച്ചെന്നിരിക്കട്ടെ.അങ്ങനെവന്നാൽ, നിലവിൽ ആറു പോയിന്റുള്ള പാക്കിസ്ഥാൻ പത്തു പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പിൽനിന്നു സെമിയിലെത്തും.
ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഇന്ത്യ ടീമുകൾ കടിപിടി കൂടേണ്ടിവരും. അഫ്ഗാനെതിരേ തോറ്റാൽ ഇന്ത്യ പുറത്താകും. ന്യൂസിലൻഡ്-അഫ്ഗാൻ മത്സരവിജയി രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും.
ഇന്ത്യ അഫ്ഗാനെ തോൽപ്പിച്ചാൽ ആകെ ആറു പോയിന്റാകും. ഈ അവസ്ഥയിൽ, ന്യൂസിലൻഡിനെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.
അഫ്ഗാൻ ന്യൂസിലൻഡിനെയും ഇന്ത്യ അഫ്ഗാനെയും തോൽപ്പിച്ചാൽ മൂന്നു ടീമുകൾക്കും ആറു പോയിന്റാകും. ഇവിടെ, നെറ്റ് റണ്റേറ്റിന്റെ അടിസ്ഥാനത്തിൽ ഒരു ടീം സെമിയിലെത്തും.