പാരീസ്: വിരമിക്കലിനെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി.
അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുശേഷവും വിരമിക്കാൻ ഉദ്ദേശ്യമില്ലെന്നാണു മെസിയുടെ നിലപാട്. ബൂട്ടഴിച്ചുകഴിഞ്ഞാൽ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായി വരാൻ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഴ്സലോണയിലേക്കു തിരിച്ചുവരുമെന്ന് ഉറപ്പാണ്. അവിടെ താമസിക്കാനാണു ഞാനും ഭാര്യയും ആഗ്രഹിക്കുന്നത്. പിഎസ്ജിയിൽനിന്നു നേരേ ബാഴ്സയിലേക്കു പോകുമോ എന്നിപ്പോൾ പറയാൻ പറ്റില്ല- ഒരു സ്പാനിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.
ബാഴ്സലോണ മെസിക്കു നൽകിയ കരാർ അംഗീകരിക്കാൻ ലാ ലിഗ തയാറാകാതിരുന്നതോടെയാണ് അദ്ദേഹത്തിനു ഫ്രഞ്ച് ക്ലബ്ബിലേക്കു പോകേണ്ടിവന്നത്. 2023 വരെ പിഎസ്ജിയുമായി മെസിക്കു കരാറുണ്ട്. ഖത്തറിൽ അടുത്ത വർഷം ലോകകപ്പ് നടക്കുന്പോൾ മെസിക്ക് 35 വയസാകും.