ഇത് ചരിത്രനേട്ടം ! ബഹിരാകാശത്ത് നട്ടുവളര്‍ത്തിയ പച്ചമുളക് ചേര്‍ത്ത് നല്ല ഉഗ്രന്‍ പലഹാരമുണ്ടാക്കി യാത്രികര്‍; സംഭവം വൈറല്‍…

ബഹിരാകാശ മേഖലയില്‍ മറ്റൊരു നേട്ടം കൂടി…ബഹിരാകാശ യാത്രികയായ മേഗന്‍ മകാര്‍തര്‍ പുറതതുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഈ ചിത്രങ്ങള്‍ മനുഷ്യരാശിയുടെ മോഹങ്ങള്‍ക്ക് പുതിയ മാനം പകരുകയാണ്.

ഭൂമിയില്‍ നിന്ന് ശീതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേര്‍ത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികര്‍ ഭക്ഷിച്ചു.

ടാക്കോസില്‍ ഉപയോഗിച്ച പച്ചമുളക് നട്ടുപിടിപ്പിച്ചത് ബഹിരാകാശത്ത് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നാലുമാസം മുന്‍പാണ് ബഹിരാകാശനിലയത്തില്‍ യാത്രികര്‍ മുളകു ചെടി വളര്‍ത്താന്‍ തുടങ്ങിയത്. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി.

പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നല്‍കിയ പേര്. ഇതിലുണ്ടായ മുളകുകളില്‍ കുറേയെണ്ണം ഭൂമിയിലേക്കു തിരികെയെത്തിക്കും.

ബഹിരാകാശ സാഹചര്യങ്ങളിലുണ്ടാകുന്ന വിളകള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണെന്ന് സസ്യശാസ്ത്ര വിദഗ്ധര്‍പരീക്ഷണങ്ങളിലൂടെ അന്വേഷിക്കും.

കഴിഞ്ഞ വര്‍ഷം നാസ ബഹിരാകാശത്ത് റാഡിഷുകള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചിരുന്നു. ബഹിരാകാശ യാത്രികരുടെ ഭക്ഷണക്രമങ്ങള്‍ വ്യത്യസ്തമാണ്.

നിലയങ്ങളില്‍ റഫ്രിജറേറ്ററുകളില്ലാത്തതിനാല്‍ ഭക്ഷണം പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണു സൂക്ഷിക്കുന്നത്. ഭക്ഷണം ചൂടാക്കാനും തിളപ്പിക്കാനുമൊക്കെയായി ബഹിരാകാശനിലയങ്ങളില്‍ ഓവനുകളുണ്ട്.

നൂഡില്‍സ്, സ്പാഗെറ്റി, വിവിധ തരം പരിപ്പുകള്‍, പഴങ്ങള്‍, ബീഫ്, ചിക്കന്‍, പോര്‍ക്ക്, മത്സ്യങ്ങള്‍ എന്നിവയെല്ലാം ബഹിരാകാശയാത്രികര്‍ ഭക്ഷിക്കാറുണ്ട്.

ദിവസം മൂന്നു തവണ എന്ന നിലയിലാണ് ഇവരുടെ ഭക്ഷണക്രമം. കെച്ചപ്പ്, മയണൈസ് തുടങ്ങിയ രുചിവര്‍ധക വസ്തുക്കളും ബഹിരാകാശനിലയത്തില്‍ ലഭ്യമാണ്.

ഉപ്പും കുരുമുളകും വേണ്ടവര്‍ക്ക് അതുമുണ്ട്. പക്ഷേ ദ്രാവകരൂപത്തിലാണ് ഇവ. കാരണമെന്തെന്നോ, ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ഭൂമിയിലെ പോലെ ലാവിഷായി ഉപ്പും കുരുമുളകുമൊന്നും ഭക്ഷണത്തിലേക്ക് കുടഞ്ഞിടാന്‍ സ്പേസില്‍ പറ്റില്ല.

പാത്രങ്ങളില്‍ നിന്നു ഉപ്പോ കുരുമുളകോ ഒക്കെ പുറത്തേക്കു പോയാല്‍ ഗുരുതരമായ സാങ്കേതികപ്രശ്നങ്ങള്‍ ഉടലെടുക്കാനും കാരണമാകും.

ഭാവിയില്‍ സ്പേസ് ടൂറിസം പോലുള്ള കാര്യങ്ങള്‍ വ്യാപകമായി നടപ്പില്‍ വരുമെന്നാണു കരുതപ്പെടുന്നത്. അപ്പോള്‍ യാത്രികര്‍ക്ക് ഭക്ഷണം ഫ്രഷായി ബഹിരാകാശത്തു തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു ബഹിരാകാശ കൃഷിപരീക്ഷണങ്ങള്‍ നടത്തുന്നത്.

കൃഷി ചെയ്യാനും വളരാനും കായ്ക്കാനും എളുപ്പമുള്ളതിനാലാണ് മുളക് കൃഷി ആദ്യ ഘട്ടത്തില്‍ നടത്തിയത്. ലോകമെങ്ങും പ്രശസ്തമായ മെക്സിക്കന്‍ തട്ടുകട വിഭവമാണു ടാക്കോസ്.

നമ്മുടെ ചപ്പാത്തി പോലുള്ള ടോര്‍ട്ടില എന്ന റൊട്ടിയില്‍ മാംസവും വിവിധയിനം സാലഡുകളും സോസുകളുമൊക്കെ നിറച്ചാണ് ഇതു തയാര്‍ ചെയ്യുന്നത്.

Related posts

Leave a Comment