അടൂര്‍: വാഗണര്‍ കാറില്‍ കഞ്ചാവുമായി എത്തിയ യുവാക്കളെ പിന്തുടര്‍ന്ന പോലീസ് പിടികൂടിയത് എട്ടുകിലോഗ്രാം. പള്ളിക്കല്‍ പഴകുളം തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ് (29), പഴകുളം പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (26) എന്നിവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഏനാത്ത് പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 4.30 ന് ഏനാത്ത് പാലത്തിനു സമീപം് തിരുവനന്തപുരത്ത് നിന്നും കഞ്ചാവുമായി വന്ന വാഗണര്‍ കാറിന് കുറുകെ സിനിമാ സ്റ്റൈലില്‍ പോലീസ് ജീപ്പിട്ടാണ് പ്രതികളെ പിടികൂടിയത്.
കാറില്‍ സീറ്റുകളുടെ അടിയിലായി നാല് പ്ലാസ്റ്റിക്് കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നും പത്തനംതിട്ട ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
രണ്ട് ദിവസം മുമ്പാണ് ഇവര്‍ കഞ്ചാവ് വാങ്ങാന്‍ തിരുവനന്തപുരത്തേക്ക് പോയത്. ഈ സമയം പോലീസ് വേഷം മാറി ഇവരെ പിന്തുടര്ന്നിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലേക്ക് തിരിച്ചുവെന്ന വിവരത്തെ പാലത്തിന് സമീപം പോലീസ് ഇവര്‍ക്കായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു.
കാറെത്തിയതോടെ പോലീസ് നാല് വശങ്ങളിൽ നിന്നും ഒരേ സമയം ഇവരെ വളഞ്ഞ് കാറുള്‍പ്പടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്റ്റഡ് ഓഫീസറായ അടൂര്‍ തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ ദേഹപരിശോധന നടത്തി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
ഏനാത്ത് സിഐ. പി.എസ്. സുജിത്ത്, എസ്ഐ നാഥിര്, ഡാന്‍ സാഫ് ടീം അംഗമായ എഎസ്ഐ അജികുമാര്‍ , മിഥുന് ജോസ്, ആര്. ബിനു, സുജിത്ത്, അഖില്‍ , ശ്രീരാജ് , രജിത്ത്, രാജേഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.