വൈക്കം: വൈക്കം പോലീസിനെ കുറ്റാരോപിതരാക്കി ഡിജിപിക്കു മുന്പാകെ പരാതിയുമായി ദന്പതികൾ.2018ൽ നടന്ന സംഭവത്തിനെ ചുറ്റിപ്പറ്റിയാണ് അന്നത്തെ വൈക്കം പോലീസ് സ്റ്റേഷനിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
തലയാഴം പുല്ലുകാട്ട് പി.എൽ. രാജനും ഭാര്യ ഗിരിജയുമാണ് പരാതി നൽകിയിരിക്കുന്നത്. 2018ൽ പൊതുവഴി നിർമാണത്തിനാവശ്യമായ മെറ്റൽ വാരിയെടുത്തുകൊണ്ടുപോയതിലും പൊതുവഴി കയ്യേറ്റം ചെയ്തതിലും സ്വകാര്യ വ്യക്തികൾക്കെതിരെ ഇവർ പരാതിപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതരായ ആരോപണ വിധേയർ ദന്പതികളുടെ വീട്ടിലെത്തി അസഭ്യം പറയുകയും വധ ഭീഷണി മുഴക്കിയെന്നും കാണിച്ച് വൈക്കം പോലീസ് സ്റ്റേഷനിൽ 2018 നവംബർ ആറിന് ഇവർ പരാതിപ്പെട്ടിരുന്നു.
എന്നാൽ സംഭവത്തിൽ ആരോപണ വിധേയവരായവരുടെ പക്ഷം ചേർന്ന പോലീസ് തങ്ങളുടെ നീതി നിഷേധിച്ചെന്നു കാട്ടിയാണ് ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് സംഘം ചേർന്നെത്തി വീട് തല്ലി തകർക്കുകയും ശാരീരികമായി തങ്ങളെ ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു.
സ്റ്റേഷനിൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് കേസ് ഒത്തു തീർപ്പാക്കിയെന്നു കാണിച്ച് വൈക്കം പോലീസ് ഉദ്യോഗസ്ഥർ വ്യാജ രേഖ ചമച്ച് കോടതിയിൽ സമർപ്പിച്ചെന്നും ആരോപണ വിധേയരായവരെ പട്ടികയിൽനിന്നും ഒഴിവാക്കുന്നതിനും പരാതിക്കാരനെ മാനസിക രോഗിയാക്കി ചിത്രീകരിക്കുന്നതിനും പോലീസ് ശ്രമം നടത്തിയതായും പരാതിയിൽ പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും ഇവർ ആവശ്യപ്പെടുന്നുണ്ട്.