ലക്നോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ.
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. ഇയാളുടെ കൂട്ടുപ്രതിക്ക് 20 വര്‍ഷത്തെ തടവുംവിധിച്ചു.
ഏപ്രിൽ10 നാണ് ബഹ്റൈച്ച് ജില്ലയിലെ ഒരു കുളത്തിന് സമീപത്തു നിന്നും 12 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഫോറൻസിക് പരിശോധനയിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ട്രാക്ടർ ഡ്രൈവർ ഫൂൽചന്ദിനെ (30) അറസ്റ്റ് ചെയ്തു.
തുടരന്വേഷണത്തിൽ ഫൂൽചന്ദിന്റെ സുഹൃത്ത് റോഷൻ ലാൽ (29) എന്നയാളെയും പോലീസ് പിടികൂടി.
അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ ആക്ട്) നിതിൻ പാണ്ഡെയാണ് ഫൂൽചന്ദിനെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി 40,000 രൂപ പിഴയും അടയ്ക്കണം.