കണ്ണൂർ: വിശ്വാസത്തിന്റെ മറവിൽ വ്യാജ ചികിത്സ നടത്തി ബാലിക മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
കുട്ടിയുടെ പിതാവ് സത്താർ, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കണ്ണൂർ നാലുവയലിൽ ഹിദായത്ത് വീട്ടിൽ ഫാത്തിമ (11)യാണ് ഞായറാഴ്ച മരിച്ചത്. വീട്ടുകാർ ചികിത്സ നൽകാൻ മടി കാണിച്ചതിനെത്തുടർന്നാണു മരണം സംഭവിച്ചതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു.
മൂന്നു ദിവസമായി കുട്ടിക്ക് കലശലായ പനി ഉണ്ടായിരുന്നു. പനി ബാധിച്ച കുട്ടിയെ തുടക്കത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനു പകരം വിശ്വാസപരമായ മറ്റു വഴികൾ സ്വീകരിച്ചതായാണ് നാട്ടുകാർ ആരോപിക്കുന്നത്.
കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു.
പനി മൂർച്ഛിച്ച് അവശനിലയിലായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബം തയാറായത്.
ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
വിശ്വാസത്തിന്റെ മറവിൽ വ്യാജചികിത്സ കണ്ണൂരിലും വ്യാപകമാകുന്നുവെന്നതിന്റെ ഒടുവിലത്തെ സംഭവമാണ് ഫാത്തിമയുടേത്.
രോഗം വന്നാൽ ചികിത്സിക്കാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള വ്യാജ ചികിത്സയിൽ ഒരു കുഞ്ഞുജീവനാണ് നഷ്ടപ്പെട്ടത്.
പിതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വ്യാജ ചികിത്സ നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കണ്ണൂർ സിറ്റി കേന്ദ്രീകരിച്ച് ഇത്തരം ചികിത്സ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഫാത്തിമയുടെ കുടുംബത്തിൽപ്പെട്ട മൂന്നുപേർ ഇതിനുമുമ്പ് സമാനരീതിയിൽ മരിച്ചിരുന്നു.
സിറ്റി പ്രദേശത്ത് മാത്രമായി നാലുവർഷത്തിനിടെ ഏഴുപേർ ഇത്തരത്തിൽ മരിച്ചതായാണ് വിവരം. അന്ന് വ്യാജ ചികിത്സയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
അതേസമയം, സംഭവം സംബന്ധിച്ച് കണ്ണൂർ സിറ്റി സ്വദേശിയായ സിറാജ് പടിക്കൽ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
നാലു വർഷം മുമ്പ് തന്റെ ഉമ്മയും സഹോദരനും ഉമ്മയുടെ സഹോദരിയും വ്യാജ ചികിത്സയ്ക്കു വിധേയരായി മരിച്ചെന്നു ചൂണ്ടിക്കാട്ടി സിറ്റി പോലീസിൽ പരാതി നൽകിയിരുന്നതായി സിറാജ് പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷിച്ചിരുന്നെങ്കിലും ഉസ്താദിനെതിരേ കൂടുതൽ തെളിവുകളൊന്നും ലഭിച്ചില്ല.
എന്നാൽ കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ബാലിക മരിച്ചതോടെ ഉസ്താദിനെതിരേ നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു.
രോഗം വന്നാൽ ആശുപത്രിയിൽ പോകാതെ രോഗം മാറ്റാമെന്നു വിശ്വസിപ്പിച്ചുള്ള ചികിത്സയാണ് നടക്കുന്നത്.
ഡോക്ടർമാർ ജിന്നുകളാണെന്നും ആശുപത്രിയിൽ പോയാൽ നരകത്തിൽ പോകുമെന്നുമാണ് ഇവരുടെ വിശ്വാസം.
ഈ ചികിത്സ നടത്തുന്ന ഉസ്താദിന്റെ ഭാര്യ ഗർഭിണിയായപ്പോൾ ആശുപത്രിയിൽ കാണിക്കാതെ പ്രസവം വീട്ടിൽ എടുത്തതു മുതലാണത്രെ ചികിത്സാരീതിയെക്കുറിച്ച് ആളുകൾ അറിഞ്ഞുതുടങ്ങിയത്. ഉസ്താദും ഭാര്യാമാതാവും ചേർന്നാണു ചികിത്സ നടത്തുന്നത്.
ബന്ധുക്കൾക്കിടയിലായിരുന്നു ആദ്യം ചികിത്സ നടത്തിയിരുന്നത്. ചെറിയ അസുഖങ്ങളുമായി വന്നവർ സുഖംപ്രാപിക്കാൻ തുടങ്ങിയപ്പോൾ പിന്നീട് വൻ തുക വാങ്ങി ചികിത്സ നടത്താൻ തുടങ്ങി. ഉസ്താദിനെതിരേ മരിച്ച കുട്ടിയുടെ അയൽവാസികളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.