സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെയിറ്റിംഗ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ്് പാഞ്ഞ് കയറി ആറ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഏട്ട് പേർക്ക് പരിക്കേറ്റു.
ആര്യനാട് ഈഞ്ചപുരിക്ക് സമീപത്തെ വെയിറ്റിംഗ് ഷെഡിലേക്കാണ് ബസ് ഇടിച്ച് കയറിയത്.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. സ്കൂൾ വിദ്യാർത്ഥികളായ വൃന്ദ (15), വിദ്യ (14), മിഥുൻ (15), വിശാഖ് (14), കോളജ് വിദ്യാർഥിനിയായ നന്ദന (18), ഇവാരിറ്റസ് ബിജു(7) സോമൻനായർ (68), ദമയന്തി (53) എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ സോമൻനായരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരിറ്റസ് ബിജു എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ദമയന്തി ആര്യനാട് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
ആര്യനാട് ഡിപ്പോയിലെ സഹ 15 7256 -ാം നന്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഷെഡ്ഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
കൊടുംവളവിലാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റിൽ പണിത വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര ഉൾപ്പെടെ നിലത്ത് വീഴുകയായിരുന്നുവെന്ന് പോലീസും ദൃക്സാക്ഷികളും പറഞ്ഞു.
ബസ് കാത്ത് നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ആര്യനാട് പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ വെയിറ്റിംഗ് ഷെഡ് പൂർണമായും തകർന്നു.