നെടുങ്കണ്ടം: സ്കൂൾ അധ്യാപികയെ സഹപ്രവർത്തകനായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള സംഭവത്തിൽ അധ്യാപകൻ കുറ്റക്കാരനെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
വകുപ്പുതല നടപടിയുടെ ഭാഗമായി അധ്യാപകനായ കൊല്ലം സ്വദേശി കെ.കെ. ഷാജി (45) യെ നെടുങ്കണ്ടത്തുനിന്നും വയനാട്ടിലേക്ക് സ്ഥലം മാറ്റി.
കഴിഞ്ഞ മാർച്ചിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
നാളുകളായി ഇയാൾ ലൈംഗിക ചുവയോടെ സംസാരിക്കുകയും അനുവാദമില്ലാതെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായും ലാബിൽവച്ച് കടന്നുപിടിക്കാൻ ശ്രമിച്ചതായും കാട്ടി അധ്യാപിക നെടുങ്കണ്ടം പോലീസിൽ പരാതി നൽകുകയായിരുന്നു.
നാളുകളായി ഇത്തരം പെരുമാറ്റം അധ്യാപകന്റെ ഭാഗത്തുനിന്നും ഉണ്ടായപ്പോൾ മേലധികാരികളോട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് പോലീസിൽ പരാതി നൽകുന്നതെന്നും പറഞ്ഞിരുന്നു.
സംഭവത്തിൽ മറ്റ് ഇടപെടലുകൾ ഉണ്ടായതിനെത്തുടർന്ന് ഇവർ പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയും വകുപ്പുതലത്തിൽ പ്രിൻസിപ്പലിനും മേലധികാരികൾക്കും പരാതി നൽകുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിനു ശേഷമാണ് ഇപ്പോൾ സ്ഥലംമാറ്റ നടപടി ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയിൽ മാനന്തവാടിയിലേക്കാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്.