ലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു ! 18 ദിവസങ്ങള്‍ക്കു ശേഷം ആപത്തില്ലാതെ ‘ക്ലിയോ’യെ കണ്ടെത്തി; അപ്പോള്‍ അവള്‍ നറുപുഞ്ചിരി പൊഴിച്ചു…

ഓസ്‌ട്രേലിയ മാത്രമല്ല ലോകം മുഴുവന്‍ ക്ലിയോ എന്ന പിഞ്ചുബാലികയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. കുടുംബത്തോടൊപ്പം അവധിക്കാല ക്യാമ്പില്‍ കഴിയുമ്പോഴാണ് നാല് വയസ്സുകാരി ക്ലിയോയെ കാണാതായത്.

പിന്നീട് തിരച്ചിലിന്റെ നാളുകളായിരുന്നു. നൂറിലധികം ഉദ്യോഗസ്ഥര്‍ ക്ലിയോയെ കണ്ടെത്താനായുള്ള തിരച്ചിലില്‍ പങ്കെടുത്തു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഏവരുടെയും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി.

ഒടുവില്‍ 18 ദിവസങ്ങള്‍ക്കു ശേഷം ആളില്ലാതെ പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ പോലീസ് അവളെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 36കാരനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വെസ്റ്റ് ഓസ്ട്രേലിയയില്‍ നിന്ന് കഴിഞ്ഞ മാസമാണ് ക്ലിയോ സ്മിത്തിനെ കുടുംബത്തിനൊപ്പം നിന്ന് കാണാതായത്. പെര്‍ത്ത് നഗരത്തില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുള്ള അവധിക്കാല ക്യാമ്പിലായിരുന്നു കുടുംബം.

ഇവര്‍ താമസിച്ചിരുന്ന ടെന്റ് തുറന്ന് ആരോ അകത്ത് പ്രവേശിച്ച് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കുടുംബം മനസ്സിലാക്കിയത് തൊട്ടടുത്ത ദിവസമാണ്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഉടന്‍ തന്നെ മാതാപിതാക്കളായ ജാക്ക്, ഏലി ദമ്പതിമാര്‍ പോലീസില്‍ വിവരം അറിയിച്ചു.

വിശാലമായ ടീമിനെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്. കര്‍നാര്‍വണ്‍ എന്ന തീരദേശ പട്ടണത്തില്‍ നിന്നാണ് ക്ലിയോയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ ശേഷം അവളെ കോരിയെടുത്ത പോലീസുകാരന്‍ പേരെന്തെന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു- എന്റെ പേര് ക്ലിയോ.

പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. അധികം വൈകാതെ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.

മകളെ തിരിച്ചുകിട്ടിയ വിവരം സമൂഹമാധ്യമങ്ങള്‍ വഴി അറിയിക്കുമ്പോള്‍ ഏലിയുടെ മുഖത്തും വാക്കുകളിലും തന്റെ മകളെ തിരിച്ച് കിട്ടിയതിന്റെ ആശ്വാസം മാത്രമായിരുന്നു.

തന്റെ മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ശേഷം ഏലി കുറിച്ചു- ഇപ്പോള്‍ ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു.

രാവിലെ ആറ് മണിക്ക് എണീറ്റ് നോക്കുമ്പോള്‍ ടെന്റ് തുറന്നിരിക്കുന്നത് കണ്ടപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ച് തന്റെ മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന ഏലിയുടെ അഭ്യര്‍ഥനയ്ക്ക് വലിയ പിന്തുണയാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്.

കുട്ടിയെ കണ്ടെത്തിയ ശേഷം ചില ഉദ്യോഗസ്ഥര്‍ സന്തോഷവും ആശ്വാസവും കൊണ്ട് കരയുന്നത് കണ്ടുവെന്നും ഇത് വളരെ മനോഹരമായ ഒരു നിമിഷമാണെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ബ്ലാഞ്ച് പറഞ്ഞു.

‘ഇത്രയേറെ ദിവസങ്ങള്‍ കഴിഞ്ഞതുകൊണ്ട് തന്നെ കുട്ടിയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ അതിന് കഴിയണേ എന്ന് മാത്രമായിരുന്നു ഓസ്ട്രേലിയ മുഴുവന്‍ പ്രാര്‍ഥിച്ചതും’ കേണല്‍ ബ്ലാഞ്ച് കൂട്ടിച്ചേര്‍ത്തു.

രാത്രി വൈകി കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ തന്നെ ഫോണില്‍ വിളിച്ച് അറിയിക്കാന്‍ അന്വേഷണ സംഘം ശ്രമിച്ചുവെന്ന് വെസ്റ്റ് ഓസ്ട്രേലിയന്‍ മുഖ്യമന്ത്രി മാര്‍ക് മക്ഗോവന്‍ പറഞ്ഞു.

ഉറക്കത്തില്‍ തനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ പിന്നീട് ഫോണില്‍ കാണാന്‍ കഴിഞ്ഞത് ചിരിക്കുന്ന ക്ലിയോയുടെ ചിത്രമടങ്ങുന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

ആ നിമിഷമുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഈ സംഭവത്തെ കുറിച്ച് തീര്‍ച്ചയായും ഭാവിയില്‍ സിനിമകള്‍ ഇറങ്ങും. രാജ്യത്തെ ഇത്രയും നല്ല ഒരു വാര്‍ത്ത അറിയിക്കുന്നതിലും വലിയ എന്ത് സന്തോഷമാണുള്ളതെന്നും മക്ഗോവന്‍ ചോദിച്ചു.

പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും ഒരു ചെറിയ കാര്യം പോലും വിട്ടുപോകാന്‍ പാടില്ലെന്ന തീരുമാനമാണ് അന്വേഷണസംഘത്തിനെന്ന് പോലീസ് കമ്മിഷണര്‍ ക്രിസ് ഡോസണ്‍ പറഞ്ഞു.

നിരവധി തെളിവുകളുടെ പിന്‍ബലത്തോടെയാണ് കുട്ടിയെ തേടിയുള്ള ദൗത്യം ഒരു വീട്ടിലേക്ക് എത്തിയതെന്നും ഡോസന്‍ പറഞ്ഞു.

ക്ലിയോയെ മാതാപിതാക്കള്‍ക്ക് കൈമാറിയ ശേഷം വൈദ്യസംഘം നിരീക്ഷിച്ചുവരികയാണ്. കുട്ടിയെ കണ്ടെത്താന്‍ സഹായകമാകുന്ന എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് പത്ത് ലക്ഷം ഓസ്ട്രേലിയന്‍ ഡോളറും സമ്മാനം പ്രഖ്യാപിച്ചിരുന്നു.

കുട്ടിയെ ആരോ കടത്തിക്കൊണ്ട് പോയതാണെന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍ മനസ്സിലായെന്നും പോലീസ് പറയുന്നു. കുട്ടിയുടെ സുരക്ഷ സംബന്ധിച്ചും ചില ആശങ്കകള്‍ അന്ന് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

ക്ലിയോയുടെ മാതാപിതാക്കളെ വെസ്റ്റ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അഭിനന്ദിച്ചു. മകളെ കാണാതായി ഓരോ ദിവസം കഴിയുമ്പോഴും ഭയവും ആശങ്കയും വര്‍ധിക്കുക ഏതൊരു മാതാപിതാക്കള്‍ക്കും സംഭവിക്കുന്ന കാര്യമാണ്.

ഇവിടെ ജാക്കും ഏലിയും മനസാന്നിധ്യം കൈവിട്ടില്ല. അത് വലിയ ഒരു കാര്യമാണെന്നും മക്ഗോവന്‍ പറഞ്ഞു. എന്തായാലും കുഞ്ഞു ക്ലിയോയെ കണ്ടെത്തിയ ആശ്വാസത്തിലാണ് ഈ ദുരവസ്ഥയുടെ വാര്‍ത്ത മുമ്പ് അറിഞ്ഞിരുന്നവരെല്ലാം.

Related posts

Leave a Comment