എരുമേലി: മോഷണ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർഥിയുടെ വിരലടയാളം ശേഖരിക്കുന്നതിന് കസ്റ്റഡിയിലെടുക്കാൻ പോലീസ് വീട്ടിൽ എത്തിയപ്പോൾ മണ്ണെണ്ണ ദേഹത്തൊഴിച്ച് അമ്മയും മകളും.
തീപ്പെട്ടി ഉരച്ച് ഇരുവരുംആത്മഹത്യക്ക് തുനിഞ്ഞതോടെ പോലീസ് സംഘം മടങ്ങി.
എരുമേലി ചരള സ്വദേശിനികളായ സീനത്ത്, മകൾ സൗജ എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്ലസ് വൺ വിദ്യാർഥിയായ സൗജയുടെ മകനെ കസ്റ്റഡിയിൽ എടുക്കാൻ വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘം എസ്ഐ എം.എസ്. അനീഷിന്റെ നേതൃത്വത്തിൽ എത്തിയപ്പോഴാണ് സംഭവം.
കഴിഞ്ഞയിടെ സമീപത്തെ വാവർ ഹൈസ്കൂളിൽ നടന്ന മോഷണ സംഭവത്തിൽ ഈ വിദ്യാർഥി ഉൾപ്പെടെ കുറെ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
വീണ്ടും സംശയം തോന്നി വിരലടയാളം ശേഖരിക്കാൻ എത്തിയപ്പോഴാണ് വിദ്യാർഥിയുടെ അമ്മയും ഇവരുടെ മാതാവും ചേർന്ന് തടഞ്ഞത്.
മോഷണ സംഭവത്തിൽ സ്കൂളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾക്ക് വിദ്യാർഥിയുടെ വിരലടയാളവുമായി സാമ്യം ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയിൽ എടുക്കാൻ ചെന്നതെന്ന് എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് മാത്യു പറഞ്ഞു.
എന്നാൽ, വിദ്യാർഥിയുടെ ബന്ധുക്കൾ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കുമെന്ന് പോലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതേതുടർന്ന് പോലീസ് മടങ്ങിയപ്പോൾ പിന്നാലെ സ്റ്റേഷനിൽ അതിക്രമിച്ച് കയറി മണ്ണെണ്ണ ഒഴിച്ച് വീണ്ടും ഭീഷണി മുഴക്കിയെന്നും മനോജ് മാത്യു പറഞ്ഞു.
ഇരുവരെയും പ്രതിയാക്കി പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കേസെടുത്തെന്നും വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് മോഷണ കേസിൽ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.
സിസി കാമറകൾ തകർത്ത് കഴിഞ്ഞ മാസം ആദ്യമാണ് വാവർ സ്കൂളിൽ മോഷണം നടന്നത്.