മല്ലപ്പള്ളി: കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ റ്റിഞ്ചു മൈക്കിളിനെ (26) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ പോലീസ് ഡമ്മി പരിശോധന നടത്തി.
കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് എസിപി ആര്. പ്രതാപന് നായര്‍, ഡിവൈഎസ്പി ജെ. ഉമേഷ്കുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ശശികല,
ആലപ്പുഴ മെഡിക്കല്‍ കോളജ് എച്ച്ഒഡി ഡോ. രഞ്ചു രവീന്ദ്രന്, കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് ഡോ. അന്‍വര്‍,
സൈബര്‍ സെല്‍ സിഐ രമേശ് കുമാര്‍ എന്നിവരുടെ സംഘമാണ് റ്റിഞ്ചു മരിച്ചുകിടന്ന വീട്ടില്‍ ഇന്നലെ രാവിലെ എത്തി ഡമ്മി പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട ഡമ്മി പരിശോധന അന്വേഷണസംഘം നേരത്തെ നടത്തിയിരുന്നുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ ഭാഗമായാണ് ഇത് പുനരാവിഷ്കരിച്ചത്.
കാമുകന്റെ വീട്ടിൽ
2019 ഡിസംബര്‍ 15നു കാമുകനായ ടിജുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീര്‍ (39)നെ ഒക്ടോബര്‍ 23 ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജെ. ഉമേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതിക്കായി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും, കസ്റ്റഡി ലഭിച്ചശേഷം പ്രതിയുമായി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് അറിയിച്ചു.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയം റ്റിഞ്ചുവിന്റെ താമസസ്ഥലത്തെത്തിയ തടി വ്യാപാരിയായ നസീര്‍ റ്റിഞ്ചുവിനെ കടന്നാക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
ട്വിസ്റ്റ്
പെരുമ്പെട്ടി പോലീസ് 2019 ല്‍ അസ്വാഭാവിക മരണമായി രേഖപ്പെടുത്തിയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു.
വീട്ടിലെ കിടപ്പുമുറിയില്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ കട്ടിലില്‍ തല ഇടിപ്പിച്ച് അബോധാവസ്ഥയിലായ റ്റിഞ്ചുവിനെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കല്‍ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ടിജിന് ജോസഫിനൊപ്പം ഈ വീട്ടില്‍ താമസിച്ചുവരികയായിരുന്നു റ്റിഞ്ചു.
അന്ന് പെരുമ്പെട്ടി എസ്ഐ ആയിരുന്ന ഷെരീഫാണ് പ്രാഥമികാന്വേഷണം നടത്തിയത്. ടിജിന് ജോസഫിനെതിരെ ഗുരുതരമായ ആരോപണം ആദ്യഘട്ടത്തില്‍ ഉയര്‍ന്നതിനേ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ ക്രൂരപീഡനത്തിനിരയായതായും പറയുന്നു.
നഖത്തിനിടയിൽ
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 53 മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു.
തുടര്‍ന്ന് കേസ് 2020 ഫെബ്രുവരിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി.
ശാസ്ത്രീയ അന്വേഷണത്തിനിടെ ആദ്യഘട്ടത്തില്‍ തന്നെ കൊലപാതകവുമായി മറ്റൊരാള്‍ക്കുള്ള ബന്ധത്തെ സംബന്ധിച്ച സൂചന ലഭിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും മരിച്ച റ്റിഞ്ചുവിന്റെ നഖത്തിനടിയില്‍ നിന്നു ലഭിച്ച രക്തക്കറയും നിര്‍ണായ തെളിവുകളായി ലഭിച്ചു.
ഡിഎന്‍എ പരിശോധനയില്‍ ഡിഎന്‍എ നസീറിന്റേതുമായി ഒത്തുവന്നതോടെ ഇയാള്‍ പ്രതിയെന്ന നിഗമനത്തിലെത്തി.