കോഴിക്കോട്: കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍.
അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവും പാചകവാതകസിലിണ്ടറുകളുടെ വലകുതിപ്പും മൂലം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന ഘടകമാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഇന്ധനവിലവര്‍ധനവ് കേരളത്തിലെ ജനങ്ങളെയാണ് മൊത്തം എതിരാക്കിയതെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇന്ധന വില വര്‍ധന പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു. മറ്റ് വിഷയങ്ങളില്‍ പാര്‍ട്ടി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തുമ്പോള്‍ ഇന്ധനവില വര്‍ധനവ് എന്നത് ഇരുട്ടടിയായി നില്ക്കുന്നു.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും തുറന്നെതിര്‍ത്തതും ആളുകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയതായും നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം വിവാദങ്ങള്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരം ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യത നേടിഎടുത്തതായും പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.
കെ.സുധാകരന് സംസ്ഥാന അധ്യക്ഷനായശേഷം സമരമുഖത്ത് കോണ്‍ഗ്രസ് വലിയനേട്ടമുണ്ടാക്കുന്നതായും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപി ഇക്കാര്യങ്ങളില്‍ പാടെ പിന്നോട്ടുപോയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ .സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി.
വില വര്‍ധന താല്‍ക്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും ജനറല്‍ സെക്രട്ടറി മറുപടി നല്കി.
കേരള ബിജെപിയില്‍ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ നന്നാക്കാനെന്ന പേരില്‍ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.