മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറും തമ്മിൽ കയ്യാങ്കളി.
വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, മൂന്നാം വാർഡ് മെമ്പർ ഷിഹാബ് മാട്ടുമുറി എന്നിവരാണ് ജീവനക്കാരുൾപ്പെടെ നോക്കി നിൽക്കെ പരസ്യമായി ഏറ്റുമുട്ടിയത്.
വൈസ് പ്രസിഡന്റും മൂന്നാം വാർഡ് മെമ്പറും തമ്മിൽ മാസങ്ങളായി നല്ല നിലയിലല്ല പ്രവർത്തിക്കുന്നത്.
നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നാം വാർഡിനെ മാതൃകാ വാർഡാക്കി മാറ്റിയതിൽ അസൂയ പൂണ്ട് തനിക്കെതിരെ നിരന്തരം നീക്കം നടത്തുകയാണെന്നാണ് ഷിഹാബ് മാട്ടു മുറിയുടെ ആരോപണം.
അതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഒരു സർക്കാർ എൽ പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും തർക്കം ഉടലെടുത്തത്.
വാർഡ് മെമ്പറുടെ സഹോദരിക്ക് കിട്ടുമായിരുന്ന സ്കൂളിൽ നിന്ന് മാറ്റി മറ്റൊരു സ്കുളിൽ ഇന്റർവ്യൂവിന് ഹാജരാവാൻ വൈസ് പ്രസിഡന്റ് നിർബന്ധിച്ച് അവിടെ എത്തിയ ശേഷം ചതിക്കുകയായിരുന്നുവെന്നും വാർഡ് മെമ്പർക്ക് പരാതിയുണ്ട്.
അതേ സമയം തനിക്കെതിരെയുള്ള ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണന്ന് വൈസ് പ്രസിഡന്റ് പറയുന്നു.
സർക്കാർ മാനദണ്ഡപ്രകാരമുള്ള കാര്യങ്ങളിൽ ഒരിക്കലും കൈ കടത്താൻ സാധിക്കില്ലെന്നും ഇത് മനസിലാക്കിയിരുന്നങ്കിൽ ഇത്തരത്തിൽ ഒരു ആരോപണം ഉണ്ടാവുമായിരുന്നില്ലന്നും കരീം പഴങ്കൽ പറഞ്ഞു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസമായി നിരന്തരമായി തന്നെ ശല്യം ചെയ്യുകയാണന്നും കരീം പറഞ്ഞു.
നേരത്തെ പന്നിക്കോട് എയുപി സ്കൂളിൽ ജില്ലയിലെ തന്നെ മികച്ച ഹൈടെക് വാക്സിനേഷൻ കേന്ദ്രവും പന്നിക്കോട് തന്നെ കമ്യൂണിറ്റി കിച്ചണും പ്രവർത്തിച്ചിരുന്നു.
ഷിഹാബ് മാട്ടു മുറിയുടെ നേതൃത്വത്തിൽ നടന്നു വന്ന ഈ കേന്ദ്രത്തിന് ” പാര ‘ വെച്ചതും വൈസ് പ്രസിഡന്റാണന്ന ആരോപണവും ശക്തമാണ്.
വാഹന പാർക്കിംഗ്: തർക്കം കത്തിക്കുത്തിൽ… യുവാവിന് ഗുരുതര പരിക്ക്
മുക്കം: കടയുടെ മുന്പിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിലും കത്തി കുത്തിലും കലാശിച്ചു.
ഇന്നലെ രാത്രി 9 മണിയോടെ പന്നിക്കോടാണ് സംഭവങ്ങൾക്ക് തുടക്കം. സംഭവത്തിൽ കഴുത്തിന് കുത്തേറ്റ സജീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഷക്കീർ, സജീഷിന്റെ സുഹൃത്ത് സൻ ജയ് എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.
ഷക്കീറിന്റെ കടയുടെ മുന്പിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തപ്പോൾ വഹനം പിറകോട്ടെടുത്ത് ഷക്കീറിന്റെ ബൈക്ക് മറിച്ചിട്ടതോടെ ഇവർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു എന്നാണ് വിവരം.
നാട്ടുകാർ ഇടപെട്ട് രണ്ടു പേരെയും പിരിച്ചു വിട്ടങ്കിലും അൽപസമയം കഴിഞ്ഞ് സജീഷ് മറ്റൊരാളെയും കൂട്ടി വീണ്ടും ഷക്കീറിനെ ആക്രമിക്കുകയും ഇതിനിടയിൽ ഷക്കീർ കത്തിയെടുത്ത് സജീഷിനെ കുത്തുകയുമായിരുന്നു.
കയ്യാങ്കളിയിൽ ഷക്കീറിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
മയക്ക് മരുന്ന് വേട്ട
മുക്കം: പന്നിക്കോടിന് സമീപം കുളങ്ങരയിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്ന് മാരകമായ മയക്ക് മരുന്ന് ശേഖരം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ ഉണ്ടന്നാണ് വിവരം