മയ്യിൽ: ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നതിനിടെ 81, 000 രൂപയുമായി കമ്പിലിൽ രണ്ടു പേർ അറസ്റ്റിൽ.
കമ്പിലിലെ സുന്ദരൻ വീട്ടിൽ ഹരിദാസൻ (60), മയ്യിലിലെ തിരുവാൻ വീട്ടിൽ സിയാദ് (35) എന്നിവരെയാണ് മയ്യിൽ സിഐ പി.കെ. മോഹിതും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി കമ്പിൽ തെരു റോഡിൽ വച്ചാണ് ഇരുവരെയും പിടികൂടിയത്.
ചൂതാട്ടം നടത്തുന്നതിനിടെ പോലീസ് സംഘത്തെ കണ്ട് ഇടപാടിനെത്തിയവർ ഓടി രക്ഷപ്പെട്ടു. ഇടപാടുകൾ രേഖപ്പെടുത്തിയിരുന്ന ഫയൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസൻ നേരത്തെ ലോട്ടറി ഏജന്റായിരുന്നു.
ഓരോ ദിവസവും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാന ഒരു നമ്പറോ മൂന്ന് നമ്പറോ എഴുതി നൽകിയാണ് ചൂതാട്ടം നടത്തിയിരുന്നത്.
പോലീസിന്റെ കണ്ണ് വെട്ടിക്കാൻ വാട്സാപ് വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. ഒരു നമ്പർ പ്രവചിച്ച് നൽകുന്നതിന് പത്ത് രൂപയാണ് ഇവർ വാങ്ങുന്നത്.
നറുക്കെടുപ്പ് ഫലം വന്നാൽ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാന നമ്പറും ആദ്യം എഴുതി നൽകിയ നമ്പറും ഒന്നാണെങ്കിൽ 5000 രൂപ നൽകും.
മയ്യിൽ, കൊളച്ചേരി, നാറാത്ത്, മലപ്പട്ടം, കുറ്റ്യാട്ടൂർ മേഖലകളിൽ നിന്നുള്ള നിരവധി പേർ ഇവരുമായി ഇടപാടുകൾ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
പത്തും ഇരുപതും നമ്പരുകളാണ് ഓരോ ഇടപാടുകാരും വാങ്ങിയിരുന്നത്. ലക്ഷങ്ങളാണ് ഇത്തരത്തിൽ ഇടപാടുകാരിൽ നിന്ന് ഇവർ തട്ടിയത്.
പ്രതികളെ ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണൂർ കോടതിയിൽ ഹാജരാക്കും. എസ്ഐ കെ.പി. മനോജ്, ഗ്രേഡ് എസ്ഐ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.