കൊടുങ്ങല്ലൂർ: മാരക മയക്കുമരുന്നുമായി പോക്സോ കേസിലെ പ്രതികളടക്കം മൂന്നംഗ സംഘം പിടിയിൽ. ചന്തപ്പുര ഉഴുവത്ത് കടവ് സ്വദേശികളായ വെപ്പിൻകാട്ടിൽ നിസ്താഫിർ (26), ചൂളക്കടവിൽ അൽത്താഫ്(26) ചന്തപ്പുര സ്വദേശി പാറയിൽ മുഹമ്മദ് അഷിക് (19) എന്നിവരെയാണ് ടെൻസാഫും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് അറസ്റ്റു ചെയ്തത്.
ഇവരുടെ കയ്യിൽ നിന്ന് ഇരുപത് ഗ്രാം എംഡിഎംഎപിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ ചന്തപ്പുരയിലായിരുന്നു സംഭവം.
ചന്തപ്പുരയിലെ കൊറിയർ ഓഫീസിൽ വന്ന മയക്കുമരുന്നടങ്ങിയ ബോക്സ് വാങ്ങി പുറത്തിറങ്ങിയ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.
ഡൽഹിയിൽ നിന്ന് കൊറിയർ വഴിയാണ് എംഡിഎംഎ കൊടുങ്ങല്ലുരിൽ എത്തിയത്. ബോക്സിനുള്ളിലെ ടീ ഷർട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്.
ഡൽഹിയിൽ നിന്നയച്ച പാർസലിന്റെ വിലാസം അജ്മൽ നീയർ സെൻട്രോമാളെന്നും കൂടെ മൊബൈൽ നന്പറുമാണ് കവറിന് മുകളിൽ കൊടുത്തിരുന്നത്. വിലാസത്തിലുള്ളയാൾ വിദേശത്താണെന്നും പറയുന്നു.
കറുത്ത കാറിൽ നിന്ന് ഒരാളിറങ്ങി കൊറിയർ ഓഫീസിലെത്തി ബാക്കി രണ്ട് പേർ കാറിലിരുന്നു. കൊറിയർ വാങ്ങി കാറിൽ കയറാൻ നേരമാണ് പോലീസ് പ്രതികളെ പൊക്കിയത്.
ഇതിന് മുൻപും ഈ കൊറിയർ സ്ഥാപനം വഴി പുറത്തുനിന്ന് മയക്ക് മരുന്ന് വന്നിരുന്നു. മയക്കു മരുന്ന് കേസിലെ പ്രതികളിൽ രണ്ട് പേർ പോക്സോ കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് ജോസ്, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ, ഐഎസ്എച്ച്ഒമാരായ ബ്രിജു കുമാർ, ബി.കെ. അരുണ്, ക്രെംബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫി, ഡാൻസാഫ് ടീമംഗങ്ങളായ എ എസ്ഐ പി.പി. ജയകൃഷ്ണൻ, സി.എ. ജോബ്, സിപിഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മാനുവൽ, കൊടുങ്ങല്ലൂർ എസ് ഐമാരായ തോമസ്, ബിജു, എ എസ്ഐമാരായ ആന്റണി ജിംബിൾ, താജുദീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.