കണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികളും സ്ത്രീകളുമാണെന്ന് ഡിഐജി കെ.സേതുരാമന്.
വനിതാ കമ്മീഷന് ജില്ലാ ജാഗ്രതാസമിതി തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്.
ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 5500 ഓളം കുടുംബങ്ങള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജനമൈത്രി പോലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്കു വേണ്ട ഭക്ഷണം, സ്കൂളില്‍ പോകാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിന്റെ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.ജനകീയസമിതികളുടെ കൃത്യമായ ഇടപെടലുണ്ടായാല്‍ കുറ്റകൃത്യം നടക്കുന്നതിനുമുമ്പേ തടയാന്‍ സാധിക്കും. പലതിലും അറസ്റ്റിലാകുന്നത് സ്ഥിരം കുറ്റവാളികളാണ്.
ഒരാള്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റി തുറന്നുപറയാന്‍ മറ്റുള്ളവരും തയാറാകുന്നത്. സ്ത്രീകള്‍ നേരിടുന്ന ഏതുതരത്തിലുള്ള അതിക്രമങ്ങളായാലും ആദ്യംതന്നെ തുറന്നുപറയുകയാണെങ്കില്‍ പിന്നീട് നടക്കുന്ന പല സംഭവങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
കൃത്യം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പോക്സോ കേസുകള്‍ പലതും പുറത്തുവരുന്നത്. അതിക്രമം നേരിട്ട കാര്യം പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിച്ചാല്‍ പേരുദോഷം ഭയന്ന് പലരും പോലീസില്‍ പരാതിപ്പെടാറില്ല. ഇത്തരം ചിന്താഗതി മാറണം. പെണ്‍കുട്ടികള്‍ക്കുപുറമെ ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്.
ജില്ലയിലെ തദ്ദേശസ്ഥാപനതലത്തില്‍ ജാഗ്രതാസമിതികള്‍ ശക്തിയാര്‍ജിച്ചാല്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഡിഐജി പറഞ്ഞു.വനിതാ കമ്മീഷന് പ്രോഗ്രാം ഫക്കല്‍റ്റി എസ്.ബിജു പരിശീലന ക്ലാസെടുത്തു. വനിതാ ഘടക പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും ഇതിന്റെ ഭാഗമായി നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ വി.കെ. സുരേഷ് ബാബു, ടി.സരള, കെ.കെ. രത്നകുമാരി, യു.പി. ശോഭ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ, പി.കെ. ശ്യാമള, വി.ചന്ദ്രന്, ബീന ഭരതന്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.