കോട്ടയം: അർധരാത്രിയിൽ പുതുപ്പള്ളി പയ്യാപ്പാടിയിൽ കാർ യാത്രക്കാരെ ആക്രമിക്കുകയും കാർ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പിന്നിൽ പശുവിനെ വിറ്റതിനെ ചൊല്ലിയുള്ള തർക്കം.
അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്ന പയ്യപ്പാടി അടുന്പുംകാട് എ.എൻ.റെജി (53), സഹായി പയ്യപ്പാടി മഴുവനാക്കുഴിയിൽ സുമേഷ് (35), സിപിഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി പയ്യപ്പാടി പുത്തൻപറന്പിൽ സുഭാഷ് പി.വർഗീസ്(50) എന്നിവർക്കാണ് പരിക്കേറ്റത്.
റെജിയും സുമേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.അക്രമികളിൽ നിന്നും രക്ഷപ്പെടുന്നതിനു ഇവർ വാഹനം സുഭാഷിന്റെ വീട്ടിലേക്കു ഓടിച്ചു കയറ്റുകയായിരുന്നു. ഇതിനിടയിലാണ് സുഭാഷിനും പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കോടിമത പള്ളിപ്പുറത്ത് കാവ് അനന്തുവിനെ(25) കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി.ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. നാളുകൾക്കു മുന്പ് റെജിയുടെ ഉടമസ്ഥതയിലുള്ള ഒരു പശുവിനെ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഈ പശു ചത്തുപോവുകയും ഇതിനെ ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്നു ഇതുമായി ബന്ധപ്പെട്ടു പാന്പാടി പോലീസ് സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തിരുന്നു. പീന്നിട് ഇരു കക്ഷികളും സ്റ്റേഷനിലെത്തി പ്രശ്നം രമ്യമായി പറഞ്ഞു തീർക്കുകയും ചെയ്തിരുന്നു.
എന്നാൽ പീന്നിട്് ഇതു ചൊല്ലിയുണ്ടായ തർക്കമാണ് രാത്രിയിൽ വാഹനം തടഞ്ഞു നിർത്തി ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.അറസ്റ്റിലായ അനന്തുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിൽ ഉൾപ്പെട്ടവരുടെ പേരിൽ പാന്പാടി, പള്ളിക്കത്തോട്, സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നാണ് സൂചന.
പ്രഫഷണൽ ക്വട്ടേഷൻ സംഘത്തെ പോലെ നന്പർ മറച്ച രണ്ടു ബൈക്കുകളിലാണ് സംഘം എത്തിയത്.ശബ്ദം കേട്ട് ഇറങ്ങി വന്ന സുഭാഷിന്റെ നേർക്ക് ഇവർ കുരുമുളക് സ്പ്രേ അടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമി സംഘം ബൈക്കുമായി കടന്നു കളയുകയും ചെയ്തു.
അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത് ഇവരിൽ ഒരാളയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ള പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി.കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.