വരാപ്പുഴ: അതിർത്തി തർക്കത്തെ തുടർന്നുള്ള സംഘട്ടനത്തിൽ തലയ്ക്കു ക്ഷതമേറ്റ വയോധികൻ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാദ്ധ്യാരുപറമ്പിൽ വീട്ടിൽ ഗോപി (62) ആണ് മരിച്ചത്. സംഭവത്തിൽ വരാപ്പുഴ ദേവസ്വം പാടം സ്വദേശി അനി എന്നു വിളിക്കുന്ന അനിക്കുട്ടൻ (43) ഒളിവിലാണ്.
ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇരുവരുടെയും വീടുകൾ തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ കേസ് പറവൂർ കോടതിയിൽ നിലവിലിരിക്കെ പുലർച്ചെ വീടിന് സമീപം നിന്ന ഗോപിയോട് അനിക്കുട്ടൻ മോശമായി പെരുമാറുകയും ഇരുവരും തമ്മിൽ സംഘട്ടനം ഉണ്ടാവുകയുമായിരുന്നു.
സംഘട്ടനത്തിൽ ഗോപിക്ക് തലയ്ക്ക് ക്ഷതമേറ്റു. തുടർന്ന് ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടുകയും ഗോപിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
പക്ഷേ ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ പ്രതിയായ അനികുട്ടൻ ഗോപിയുടെ മകളോട് അച്ഛനെ കൊല്ലുമെന്ന് വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.
സംഭവം നടന്ന ഉടൻ തന്നെ പ്രതിയായ അനികുട്ടൻ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ വരാപ്പുഴ പോലീസ് അന്വേഷണം ഊർജിതമാക്കി. വർഷങ്ങളായി പ്രതി ദേവസ്വം പാടം പ്രദേശത്ത് പാൽ വില്പന നടത്തിവരുകയായിരുന്നു.
ഗോപിയുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ശാന്ത. മക്കൾ: സനോജ്, ജിജി മരുമക്കൾ: നിമിഷ, സജി.