കാട്ടാക്കട : അന്യരുടെ വസ്തുവിലെ റബർമരങ്ങൾ തന്റേതാണെന്ന് വിശ്വസിപ്പിച്ച് വിൽപന നടത്തിവന്ന ആളെ പോലീസ് പിടികൂടി. നെടുമങ്ങാട് പനവൂർ വില്ലേജ് ഓഫീസിന് സമീപം വെള്ളാംകുടി സി.സി ഹൗസിൽ സി.സി നൗഷാദ് എന്നുവിളിക്കുന്ന നൗഷാദ് (44) ആണ് വിളപ്പിൽശാല പോലീസിന്റെ പിടിയിലായത്.
അരുവിക്കര ഇറയംകോട് മൈലം എൽ.പി സ്കൂളിന് സമീപം കിഴക്കേക്കര തടത്തരികത്ത് വീട്ടിൽ ടൈറ്റസ് (49) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പോലീസ് പറയുന്നത് ഇങ്ങനെ- ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം.
വിളപ്പിൽശാല ചവർഫാക്ടറിക്ക് സമീപം കണികാണുംപാറ സ്വദേശികളായ വസന്തകുമാരി, സ്മിത എന്നിവരുടെ ഒന്നരയേക്കറോളം വരുന്ന വസ്തുവിൽ നിന്ന റബർമരങ്ങൾ 2 ലക്ഷം രൂപയ്ക്ക് നൗഷാദ് പരാതിക്കാരനായ ടൈറ്റസുമായി കച്ചവടം ഉറപ്പിച്ചു. പണം നേരിട്ടാണ് വാങ്ങിയത്.
സ്ഥലത്തു വന്ന് പരിശോധന നടത്തുകയും അത് പ്രതിയുടേതാണെന്ന് മനസിലാക്കിയതിനുശേഷമാണ് പണം കൊടുത്തതെന്നും ടൈറ്റസ് പറയുന്നു. ഈ വസ്തുവിന്റെ ഉടമസ്ഥർ നാട്ടിൽ ഇല്ലായിരുന്നു. ഈ വിവരം മനസിലാക്കിയാണ് നൗഷാദ് ഈ തട്ടിപ്പ് നടത്തിയത്.
ടൈറ്റസ് വസ്തുവിൽ എത്തി മരങ്ങൾ പകുതിയോളം മുറിച്ചുമാറ്റിയപ്പോഴാണ് ഉടമസ്ഥർ വിവരമറിയുന്നതും ഇതു തടയുന്നതും. തുടർന്ന് പരാതിക്കാരൻ പ്രതിയെക്കുറിച്ച് തിരക്കിയെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. ഫോണും ഓഫായ നിലയിലായിരുന്നു. തുടർന്നാണ് വിളപ്പിൽശാല പോലീസിൽ പരാതി നൽകിയതും പ്രതിയെ കുടുക്കിയതും.
നെടുമങ്ങാട്, വിതുര, പേരൂർക്കട സ്റ്റേഷനുകളിൽ പ്രതിക്കെതിരേ സമാനമായ കേസുകൾ നിലവിലുണ്ട്. ഇതുകൂടാതെ ഇയാൾ ക്രിമിനൽ കേസുകളിലും പ്രതിയാണ്. കച്ചവടം ഉറപ്പിച്ചശേഷം പണം നേരിട്ടു കൈപ്പറ്റുന്നതിനാൽ തെളിവില്ലാത്ത സാഹചര്യത്തിൽ പലരും പരാതി നൽകാൻ മടിക്കുകയായിരുന്നു.
പ്രതിക്ക് ഈ സ്ഥലത്ത് പരിചയമുണ്ട്. അതിനാലാണ് വസ്തു ഉടമ നാട്ടിലില്ലെന്ന് അറിഞ്ഞതും തട്ടിപ്പിന് കളമൊരുക്കിയതും. ഇയാളുടെ കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു, സി.പി.ഒമാരായ എസ്.എസ് പ്രദീപ്, ജയശങ്കർ, സുബിൻസൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നെടുമങ്ങാട് പനവൂർ ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.