പോലീസ് യൂണിഫോമണിഞ്ഞ യുവതി ഐടിബിപി ഉദ്യോഗസ്ഥനായ തന്റെ അച്ഛന് സല്യൂട്ട് നല്കുന്ന ചിത്രം വൈറലാകുന്നു.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മകളുടെ സല്യൂട്ട് സ്വീകരിച്ച അച്ഛന് മകള്‍ക്ക് തിരിച്ചും സല്യൂട്ട് നൽകുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ മോറാദാബാദിലുള്ള ഡോ. ബി.ആര്.അംബേദ്കര്‍ പോലീസ് അക്കാദമിയില്‍നിന്ന് ബിരുദം നേടിയ അപേക്ഷ നിംബാഡിയയാണ് ചിത്രത്തിലെ യുവതി.
ഐടിബിപിയിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എ.പി.എസ്. നിംബാഡിയ ആണ് ചിത്രത്തിലെ അച്ഛന്. അപേക്ഷയുടെ പാസിങ് ഔട്ട് പരിപാടിക്കിടെയുള്ള ചിത്രമാണിത്.
മൂന്ന് ചിത്രങ്ങളാണ് ഐടിബിപി പങ്കുവെച്ചത്. അപേക്ഷ തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്ക്കുന്നതും അച്ഛന് സമീപം നില്ക്കുന്നതും പിന്നെ അച്ഛന് സല്യൂട്ട് നല്‍കുന്നതും.
നിംബാഡിയയുടെ കുടുംബം തലമുറകളായി പോലീസ് സേവനരംഗത്തുള്ളവരാണ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഉദ്യോഗസ്ഥയായി അപേക്ഷ വൈകാതെ ഉത്തര്‍പ്രദേശ് പോലീസിന്റെ ഭാഗമാകും.