വടക്കഞ്ചേരി: അഖിൽ വിഷ്ണുവിന് ഇനി സന്തോഷം പങ്കുവയ്ക്കാൻ അച്ഛനില്ല. കുഞ്ഞുനാൾമുതൽ കൂട്ടുനിന്ന അന്ധതയ്ക്കു പിന്നാലെ രോഗങ്ങൾ ചുറ്റും പിടിമുറുക്കി അച്ഛൻ ഉണ്ണികൃഷ്ണനെ മരണം കൊണ്ടുപോയി.
അച്ഛന് അധ്യാപക ജോലി ലഭിച്ച് അതിന്റെ സന്തോഷം കെട്ടടങ്ങുംമുന്പേ ഓർമയായത് ഉൾക്കൊള്ളാൻ ഭാര്യ സുജാതയ്ക്കും ബിരുദ വിദ്യാർത്ഥിയായ മകൻ അഖിൽ വിഷ്ണുവിനും കഴിയുന്നില്ല.
ചെറിയ ക്ലാസുകളിൽ പഠിക്കുന്പോൾതന്നെ ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട പുളിങ്കൂട്ടം കൈകൊളത്തറ ചാമക്കാട് വീട്ടിൽ ഉണ്ണികൃഷ്ണന് മൂന്നുമാസം മുന്പാണ് കിഴക്കഞ്ചേരി ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ജോലി ലഭിച്ചത്.
അതിനാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനവും മകന്റെ ജന്മദിനവുമൊക്കെ വീട്ടിൽ വലിയ സന്തോഷത്തിന്റേതായിരുന്നു.
സന്തോഷം പങ്കുവച്ച് സെപ്റ്റംബർ അഞ്ചിലെ ദീപികയിലും വാർത്ത നൽകിയിരുന്നു. എന്നാൽ ഈ ആഹ്ലാദ ദിനങ്ങൾ അധികം നീണ്ടുനിന്നില്ല.
കിഡ്നി മാറ്റിവച്ചിരുന്ന ഉണ്ണികൃഷ്ണനെ ശാരീരിക പ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു.
ആശുപത്രികൾ മാറിമാറി ചികിത്സ നടത്തി. എന്നാൽ ദൈവനിശ്ചയം മറ്റൊന്നായി. അന്ധതയേയും രോഗങ്ങളേയും അതിജീവിച്ചായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണി പഠിച്ചു മിടുക്കനായത്.
ബിഎഡും അനുബന്ധ യോഗ്യതകളെല്ലാം പൂർത്തിയായി നീണ്ട 18 വർഷങ്ങൾ ജോലി ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നു.
അതിനിടെ രോഗങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്ന് കഷ്ടപ്പെടുത്തി. ചികിത്സാചെലവുകൾക്കെല്ലാം നാട്ടുകാർ ഒപ്പംനിന്ന് ഉണ്ണിയെ കാത്തു.
എന്തിനും ഏതിനും നിഴൽപോലെ ഭാര്യ സുജാതയും മകൻ അഖിൽ വിഷ്ണുവും ഒപ്പമുണ്ടായി.
മരണത്തിന് ഏതാനും സമയം മുന്പ് മകൻ അഖിൽ വിഷ്ണുവിനെ അടുത്ത് വിളിച്ച് ഉണ്ണികൃഷ്ണൻ പറഞ്ഞു. അച്ഛൻ ഇനി അധിക ദിവസം ഉണ്ടാകില്ല. മോൻ ബിരുദ പഠനം പൂർത്തിയാക്കണം.
നന്നായി ജീവിക്കണം.അച്ഛന്റെ പരിമിതികളിൽ വിഷമിക്കരുത്. അച്ഛൻ പറഞ്ഞ വാക്കുകൾ പറഞ്ഞു തീർക്കുംമുന്പെ അഖിൽ വിഷ്ണുവിന്റെ കണ്ണുനിറഞ്ഞ് കണ്ണുനീരൊഴുകാൻ തുടങ്ങിയിരുന്നു. കീബോർഡ് ആർട്ടിസ്റ്റും ജിം ട്രെയ്നറുമാണ് അഖിൽ വിഷ്ണു.