മംഗലംഡാം: വനപാലകരുടെ ഓമനയാണ് മാളുട്ടി എന്ന ഈ മാൻ കുട്ടി. പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും.
മ്ളാവ് ഇനത്തിലെ സാന്പാർ ഡീറിന്റെ കുട്ടിയാണിത്. കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സർവ സുഖ സൗകര്യങ്ങളോടെ കഴിയുകയാണ് വനപാലകർ ഓമനത്വത്തോടെ പേരിട്ട മാളുട്ടി.
രണ്ടുമാസം മുന്പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്. അമ്മക്കൊപ്പം കാട്ടിൽ മേഞ്ഞ് നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടികയറി.
തള്ള മ്ളാവ് ഉൾക്കാട്ടിൽ കയറി നായ്ക്കളിൽ നിന്നും രക്ഷപ്പെട്ടു. വീട്ടുക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് വനപാലകർ മ്ളാവിൻ കുട്ടിയെ ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടുവന്നത്.
നായ്ക്കൾ ഓടിച്ച് ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. അതെല്ലാം വെറ്ററിനറി ഡോക്ടറെ കാണിച്ച് ചികിത്സിച്ച് ഭേദപ്പെടുത്തി. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ് ഈ രണ്ടര മാസം പ്രായക്കാരി.
ഫോറസ്റ്റർ രഞ്ജിത്തും ബി എഫ് ഒ മാരായ ദിവ്യയും നീതുവും പി ടി എസ് ജോബിനും മെസിലെ ശ്രീദേവിയും തുടങ്ങി ഓഫീസിലെ എല്ലാവരും തന്നെ മാളുട്ടിയുടെ സംരക്ഷണത്തിനുണ്ട്. ജോബിനോടാണ് ഇഷ്ട കൂടുതൽ.
സർവ സ്വതന്ത്രയാണ് മാളുട്ടി. ഓഫീസിനുള്ളിലും അടുക്കളയിലുമൊക്കെ ഇടക്കിടെ സന്ദർശനമുണ്ട്. ഭക്ഷണം കിട്ടാനാണ് ഈ വരവ്. ഒന്നും കൊടുത്തില്ലെങ്കിൽ ദേഷ്യം വന്ന് തലകൊണ്ട് ഇടിക്കും ശ്രീദേവി പറയുന്നു.
പരിസരത്ത് നായശല്യം ഉള്ളതിനാൽ മുറിയിലാണ് രാത്രി കിടപ്പ്. പകൽസമയം ഓഫീസിനു മുന്നിലെ റോഡിലും തേക്ക് തോട്ടത്തിലും ഉണ്ടാകും. .
റോഡിലൂടെ പോകുന്നവർ വാഹനം നിർത്തി സെൽഫി എടുത്താണ് പലപ്പോഴും യാത്ര തുടരുക. ആരുമായും നല്ല ഇണക്കമാണ്.
കാട്ടു മൃഗത്തിന്റെ ശൗര്യമോ ഗൗരവമോ ഇവൾക്കില്ല. കാട്ടിൽ വിടാൻ ശ്രമം നടത്തിയെങ്കിലും വനപാലകരെ വിട്ടുപോകാൻ മാളുട്ടിക്ക് താല്പര്യമില്ല.
മ്ളാവിന്റെ മറ്റൊരുകൂട്ടം സമീപത്ത് വന്നപ്പോൾ അവിടെ എത്തിച്ചെങ്കിലും അവർക്കൊപ്പം പോകാൻ തയ്യാറായില്ലെന്ന് ബി എഫ് ഒ ദിവ്യ പറഞ്ഞു.
രണ്ടാഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് മാൻ കുട്ടിയെ ഇവർക്ക് കിട്ടിയത്. തുടക്കത്തിൽ പാൽ കുപ്പിയിലാക്കി കൊടുക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ കുറച്ചു ബുദ്ധിമുട്ടി.
ഇപ്പോൾ അതൊന്നും വേണ്ട പാത്രത്തിൽ പാൽ ഒഴിച്ചു കൊടുത്താൽ മതി കുടിക്കും. മെസിലെ എന്തും ഈ ഓമനക്ക് ഭക്ഷണമാണ്. ദോശയാണ് ഏറെ പ്രിയപ്പെട്ടത്.
ഫോറസ്റ്റ് ഓഫീസ് വഴി കടന്നു പോകുന്നവർക്കെല്ലാം കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ് മാൻ കുഞ്ഞും വനപാലകരും തമ്മിലുള്ള ചങ്ങാത്തം.