സ്വന്തം ലേഖകന്‍
കോഴിക്കോട് : ജനമൈത്രിയും ശിശുസൗഹൃദവും സ്ത്രീസുരക്ഷയ്ക്കുള്ള പിങ്ക് പട്രോളിംഗുമായി ആഭ്യന്തരവകുപ്പ് ജനകീയ ഇടപെടലുകള്‍ നടത്തുമ്പോഴും സംസ്ഥാനത്തെ പോലീസിനുള്ളില്‍ ക്രിമിനലുകള്‍ വിലസുന്നു!
ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പോലീസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലുള്ളവരും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ പട്ടികയിലുണ്ട്.
പുറത്തായവർ 18
നിലവില്‍ സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വടകര എംഎല്‍എ കെ.കെ.രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി പോലീസിലെ ക്രിമിനലുകളുടെ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 18 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. മറ്റുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് ആഭ്യന്തരവകുപ്പിന്റെ മറുപടി. അതേസമയം 691 പേര്‍ക്കെതിരേ വകുപ്പ്തല നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിച്ചതായാണ് മുഖ്യമന്ത്രി അറിയിച്ചത്. നിലവില്‍ പോലീസുകാരനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നപക്ഷം വകുപ്പ്തല നടപടിയും ആരംഭിക്കും.
സര്‍വീസില്‍ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തുകൊണ്ടാണ് വകുപ്പ്തല അന്വേഷണം പൂര്‍ത്തിയാക്കുന്നത്.അതേസമയം ഡിവൈഎസ്പി റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവര്‍. അതിന് മുകളിലുള്ളവര്‍ പലപ്പോഴും പട്ടികയ്ക്ക് പുറത്താണ്.
മേലുദ്യോഗസ്ഥരുടെ നിര്‍ദേശം നടപ്പാക്കുന്നവരാണ് സമൂഹത്തിന് മുന്നില്‍ ക്രിമനലുകളായി മാറുന്നതെന്നും ഉത്തരവിറക്കുന്നവര്‍ എപ്പോഴും സുരക്ഷിതരാണെന്നുമാണ് സേനാംഗങ്ങള്‍ പറയുന്നത്. 2018 ല്‍ പുറത്തുവിട്ട കണക്കുകള്‍ അപേക്ഷിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായുള്ള പോലീസുകാരുടെ എണ്ണം കുറവാണ്.
അന്ന് 850 പേരായിരുന്നു പ്രതികളായുള്ളത്. ഡിവൈഎസ്പി റാങ്കിലുള്ള 11 പേരും സിഐ-ആറ്, എസ്ഐ 51, ഗ്രേസ് എസ്ഐ 12, എഎസ്ഐ 32, എഎസ്ഐ 32, ഗ്രേഡ് എഎസ്ഐ 19, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ 176, സിവില്‍ പോലീസ് ഓഫീസര്‍ 542 എന്നിങ്ങനെയായിരുന്നു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍.