കടുത്തുരുത്തി: പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ചോദിക്കാനെത്തിയ ആണ് സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി വീഴ്ത്തിയ സംഭവത്തില്‍ ഓടിരക്ഷപെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കടുത്തുരുത്തി മാങ്ങാടില്‍ ഇന്നലെ രാത്രിയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്.
മങ്ങാട് പ്ലാച്ചേരിത്തടം സാജുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഉള്‍പെടുന്ന സംഘമാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയപ്പോളാണ് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ പരിഷത്ത് ഭവനില്‍ അശോകന് (54) ന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇദേഹത്തിന്റെ കേള്‍വിശക്തിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി 9.30 ഓടെയാണ് പ്രതികള്‍ ഇവിടെയെത്തിയത്. ഫോണിലൂടെയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ കാപ്പുംന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ് സുഹൃത്തുക്കളുമാണ് മങ്ങാട്ടിലെത്തിയത്.
തുടര്‍ന്നു നടന്ന ബഹളം കേട്ട് വിവരം തിരക്കാനെത്തിയപ്പോളാണ് അശോകനെ നാലംഗ സംഘത്തിലുള്പെട്ടവര് കുത്തി വീഴ്ത്തിയത്. ബഹളത്തിനിടെയില്‍ പടക്കം എറിഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.
കാപ്പുന്തല സ്വദേശിയായ പെണ്‍കുട്ടിയും കുറച്ചി സ്വദേശികളായ ജിബിന്‍, സുബീഷ് എന്നീ രണ്ട് ആണ് സുഹുത്തുക്കളെയും ഇന്നലെതന്നെ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
രക്ഷപെട്ട പ്രതികള്‍ ഇവിടെ നിന്നും രക്ഷപെടുന്നതിനിടെ കൈലാസപുരം ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് കെ. പാലിയപാടത്തിന്റെ ബൈക്കും എടുത്തുക്കൊണ്ടാണ് കടന്നത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.