പ്രദീപ് ഗോപി
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം കുറുപ്പ് അടുത്ത ദിവസം (നവംബര്‍ 12) തിയറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്നത്. ഇതോടെ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒപ്പം കൊല്ലപ്പെട്ട ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയും.
1984ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 എന്ന സിനിമയുടെ പ്രമേയവും സുകുമാരക്കുറുപ്പിന്റെ കഥയായിരുന്നു. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടി.ജി. രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
എന്നാല്‍ ഈ സിനിമയില്‍ കുറുപ്പിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതായാണ് കാണിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ദിലീപ് – കാവ്യാ മാധവന് ചിത്രമാണ് പിന്നെയും.
സുകുമാരക്കുറുപ്പിന്റെ ജീവിതവുമായി സാദൃശ്യമുള്ള കഥയാണ് ഇതിലും പറഞ്ഞത്. കുറുപ്പിന്റെ കഥ പറയുന്ന പുതിയ ചിത്രത്തില്‍ എന്താണ് പുതിയതായുള്ളത് എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍..
ഇനിയും പിടികൂടാനാകാതെ
നീണ്ട 37 വര്‍ഷമായിട്ടും കേരള പോലീസിന് ഇനിയും പിടികൂടാന്‍ കഴിയാത്ത കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി. പേര് സുകുമാരക്കുറുപ്പ്. ചെങ്ങന്നൂര്‍ താണുവേലില്‍ ശിവരാമക്കുറുപ്പിന്റെ മകന്റെ യഥാര്‍ഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എയര്‍ഫോഴ്സില്‍ ചേരുമ്പോഴും പേര് അതായിരുന്നു.
എയര്‍ഫോഴ്സില്‍ നിന്ന് ലീവെടുത്ത് കുറുപ്പ് ഒരു നാള് മുങ്ങി. സ്പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താന്‍ മരിച്ചതായി തന്റെ വകുപ്പിലേക്ക് റിപ്പോര്‍ട്ട് അയപ്പിച്ചതോടെയാണ് സുകുമാരക്കുറുപ്പ് എന്ന പേരിലേക്കു മാറിയത്. അബുദാബിയിലേക്കു പോകാന്‍ പാസ്പോര്‍ട്ട് എടുക്കുന്നത് സുകുമാരപിള്ള എന്ന പേരിലാണ്.
എയര്‍ഫോഴ്സില്‍ ജോലി ചെയ്യുന്ന കാലത്ത് മുംബൈയില്‍ കണ്ടുമുട്ടിയ സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിര്‍പ്പു മറികടന്ന് വിവാഹം കഴിച്ചു. കുറുപ്പിന്റെ സ്വന്തം നാട്ടുകാരി തന്നെയായിരുന്നു ഇവര്‍.അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ കുറുപ്പ് ജോലി ചെയ്യുമ്പോള്‍ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി.
നാട്ടിലെത്തുമ്പോള്‍ ബന്ധുക്കളില്‍ നിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹം ഇരുവരെയും കൊണ്ടെത്തിച്ചത് അമ്പലപ്പുഴയിലേക്കായിരുന്നു. അവിടെ വീടിന്റെ നിര്‍മാണവും ആരംഭിച്ചു. ആഘോഷങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം അടുപ്പക്കാരുണ്ടായിരുന്നു. അവധിക്ക് കുറുപ്പ് നാട്ടിലെത്തിയാല്‍ പിന്നെ ആഘോഷലഹരിയിലാകും ആ പ്രദേശം.
അമ്പലപ്പുഴയില്‍ വീടു പണി തുടങ്ങിയതോടെ അവിടേക്കുള്ള യാത്രയ്ക്കും മറ്റ് ഉല്ലാസയാത്രകള്ക്കുമായി ഒരു ടൂറിസ്റ്റ് കാര്‍ വാങ്ങി. അമ്പലപ്പുഴയില്‍ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണ ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികള്‍ തേടി.
കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയില്‍ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആഡംബര ജീവിതത്തിന് മുന്നില്‍ ഈ പണം തികയാതെ വന്നു.കുറുപ്പ് ജോലി ചെയ്തിരുന്ന അബുദാബിയിലെ കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം അന്ന് നടക്കുന്നുണ്ടായിരുന്നു.
വരുമാന മാര്‍ഗം കൂടി ഇല്ലാതാകുമെന്ന ചിന്തയില്‍ പുതിയ മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് ഒരു ഇംഗ്ലീഷ് കുറ്റാന്വേഷണ മാഗസിന് ലഭിക്കുന്നത്. ആ മാഗസിനില്‍ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരാളെ കൊന്ന് കത്തിച്ച സംഭവമുണ്ടായിരുന്നു. കാറിലിരുത്തി കത്തിച്ച് കൊലപ്പെടുത്തിയ സംഭവം അക്കാലത്ത് വലിയ വിവാദമായിരുന്നു.
അബുദാബിയില്‍ ഈ മാതൃകയില്‍ കൊലപാതകം നടത്തിയാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കണ്ടാണ് കുറുപ്പ് നാട്ടിലെത്തുന്നത്.
കുറുപ്പിന്റെ രൂപമുള്ള ചാക്കോ
ചെറിയനാട് പുത്തന്‍വീട്ടില്‍ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ഭാസ്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ഗള്‍ഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേര്‍ന്നാണ് ഇന്‍ഷ്വറന്‍സ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാന്‍ ആസൂത്രണമൊരുക്കിയത്.
1984 ജനുവരി 22നാണ് സുകുമാര കുറുപ്പും സംഘവും ചേര്‍ന്ന് എന്‍.ജെ. ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷ്വറന്‍സ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശ്യം.
കരുവാറ്റ ടിബി ജംഗ്ഷനില്‍ ശ്രീഹരി ടാക്കീസില്‍ കളക്ഷന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗര്‍ഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികില്‍ എത്താന്‍ വാഹനം കാത്തുനില്ക്കുകയായിരുന്നു ഇദ്ദേഹം.
ആലപ്പുഴയ്ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ കാറില്‍ കയറ്റി യാത്രാമധ്യേ കഴുത്തില്‍ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് സ്വന്തം വീട്ടിലെത്തിച്ച ചാക്കോയുടെ മൃതദേഹത്തില്‍ അവര്‍ സുകുമാരക്കുറുപ്പിന്റെ ഷര്‍ട്ടും ലുങ്കിയും ധരിപ്പിച്ചു.
തുടര്‍ന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവില്‍ എത്തിയപ്പോള്‍ അവര്‍ ചാക്കോയുടെ ശരീരം എടുത്ത് കുറുപ്പിന്റെ കാറിന്റെ ഡ്രൈവിംഗ്സീറ്റില്‍ ഇരുത്തിയ ശേഷം സമീപത്തെ നെല്‍വയലിലേക്ക് തള്ളിവിട്ടു.
അകത്തും പുറത്തും പെട്രോള്‍ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടര്‍ന്നതോടെ മൂവരും മറ്റൊരു കാറില്‍ കയറി സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികള്‍ക്ക് പൊള്ളലേറ്റിരുന്നു. ഓടി രക്ഷപ്പെടുമ്പോള്‍, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാന്‍ അവര്‍ ശ്രദ്ധിച്ചുമില്ല.
പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് പൈനുമ്മൂട് റോഡിനരുകില്‍ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറില്‍ കത്തിയ നിലയില്‍ ചാക്കോയെ കണ്ടെത്തിയത്.
1984 ജനുവരി 22
വയലിനടുത്ത് ഒരു കാര്‍ കത്തുന്നുണ്ടെന്നും മുന്‍സീറ്റില്‍ ഒരാളുണ്ടെന്നും മാവേലിക്കര പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ സന്ദേശമെത്തിയത് 1984 ജനുവരി 22നു പുലര്‍ച്ചെയാണ്. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണന് ആശാരിയാണ് പോലീസില്‍ വിവരമറിയിച്ചത്.
സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഉടന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി.എം.ഹരിദാസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തി. എസ്ഐയും സംഘവും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ആ സമയവും കാര്‍ കത്തുന്നുണ്ടായിരുന്നു.
റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു പോലീസിനു കൊള്ളികള്‍ നിറച്ച തീപ്പെട്ടിയും റബര്‍ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലില്‍ ആരോ ഓടിപ്പോയതു പോലെയുള്ള പാടുകളുണ്ടായിരുന്നു.
ഗ്ലൗസില്‍നിന്ന് ഒരു മുടിനാരും ലഭിച്ചു. ഭാഗികമായി കത്തിയ നിലയില്‍ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാമ്പിളായി ശേഖരിച്ചു. പിന്നീടു നടന്ന പോലീസ് അന്വേഷണത്തില്‍ മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പോലീസ് തിരിച്ചറിഞ്ഞു. കാര്‍ കത്തിയെരിഞ്ഞ ആ പാടം ഇപ്പോള്‍ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്.
തുടരുന്ന കാത്തിരിപ്പ്
പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചു കാണാന്‍ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കുടുംബവും കാത്തിരിപ്പു തുടരുകയാണ്. ചാക്കോയുടെ മരണശേഷം ജനിച്ച മകന് ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോള്‍.
സുകുമാരക്കുറുപ്പ് മരിച്ചോ ജീവിച്ചിരിക്കുന്നോ എന്നൊന്നും പോലീസിന് പോലും അറിയില്ല. പക്ഷേ, ചെറിയനാട്ടെ കുറുപ്പിന്റെ വീട് ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. തിരുവല്ലയില്‍ കുറുപ്പിന്റെ മകന്റെ വിവാഹം നടന്നപ്പോഴും പന്തലില്‍ പോലീസ് പടയുടെ വന്‍ സാന്നിധ്യമുണ്ടായിരുന്നു.
കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് നാട്ടുകാരുടെ വിശ്വാസം. പക്ഷേ, കേരള പോലീസ് ആവതുശ്രമിച്ചിട്ടും കുറുപ്പിന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുകുമാരക്കുറുപ്പിനെ തേടി പൊലീസ് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു.
കുറ്റപത്രം
സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു.
സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. പൊന്നപ്പന് ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോള്‍ പുലിയൂരിലെ വീട്ടിലുണ്ട്.
ജീവിച്ചിരിപ്പുണ്ടെങ്കില്‍ സുകുമാരക്കുറുപ്പിന് ഇപ്പോള്‍ 74 വയസുണ്ടാകും.കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങള്‍ പോലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ശക്തമാണ്.
ആ മൂന്നു ദിവസത്തിനിടയില്‍ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ദുൽഖർ കുറുപ്പാകുന്പോൾ…
ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടി രൂപയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ൻ മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി. ബാലചന്ദ്രന്, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.