കാഞ്ഞാണി: മഹാത്മാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം കാണാൻ വിവിധ നാടുകൾ ചുറ്റി വിവിധ സംസ്കാരങ്ങളെ കണ്ടും കേട്ടും മനസിലാക്കി 2000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചു ലക്ഷ്യത്തിലെത്തിയിരിക്കുകയാണ് ഒരു അച്ഛനും മകനും.
അരിന്പൂരിൽനിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്കു കുന്നത്തങ്ങാടി സ്വദേശി ശശികുമാറും മകൻ ആനന്ദും ചേർന്ന് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണു സൈക്കിളിൽ യാത്ര തിരിച്ചത്. അരിന്പൂർ പാഠശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതാണ് യാത്ര.
32 ദിവസം സൈക്കിൾ ചവിട്ടിക്കൊണ്ട് കോഴിക്കോട്, കാസർഗോഡ്, മംഗലാപുരം, ഹുബ്ലി, മഹരാഷ്ട്രയിലെ നാസിക് വഴി ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിനടുത്തുള്ള സബർമതി ആശ്രമത്തിലെത്തിയത്.സഞ്ചരിക്കുന്ന വഴിയിലുള്ള ഗ്രാമീണരെയും സംസ്കാരങ്ങളെയും കണ്ടുപഠിക്കാനും കൂടിയായിരുന്നു യാത്ര.
കർഷകർ, വിവിധ കൃഷിരീതികൾ ഇവയെല്ലാം കണ്ടും മനസിലാക്കിയും ഗ്രാമീണ റോഡുകളിലൂടെയായിരുന്നു കൂടുതലും സഞ്ചാരം. ഒരു ദിവസം ശരാശരി 60 കിലോമീറ്റർ സൈക്കിൾ ചവിട്ടും. പഞ്ചർ അടയ്ക്കാനുള്ള സാമഗ്രികൾ അടക്കമുള്ള ഒരു ടൂൾകിറ്റും ഇവർ കൈയിൽ കരുതിയിരുന്നു.
ഗിയർ ഉള്ള സൈക്കിളിലായിരുന്നു യാത്രയെങ്കിലും മഹാരാഷ്ട്രയിലെ ചെങ്കുത്തായ കയറ്റങ്ങൾ ഇവർക്കു വെല്ലുവിളിയായിരുന്നു. രാവിലെ ഏഴിനു സൈക്കിളിൽ കയറിയാൽ ഉച്ചയ്ക്ക് 12 വരെ ചവിട്ടും. ഭക്ഷണശേഷം നാലു വരെ വിശ്രമം. തുടർന്ന് രാത്രി ഏഴുവരെ വീണ്ടും സഞ്ചാരം.
കൃഷിക്കാരുടെ വീടുകളിലും ദാബകളിലുമായിരുന്നു മിക്കവാറും അന്തിയുറക്കം. അന്യദേശക്കാരായ തങ്ങളോട് ഇവർ കാണിച്ച ആതിഥേയ മര്യാദകൾ മാതൃകാപരമാണെന്നു ശശികുമാർ പറഞ്ഞു. കരിന്പ്, ചോളം പാടങ്ങൾ കണ്ട്, വിവിധ ദേശക്കാരെയും സംസ്കാരങ്ങളെയും കണ്ടുള്ള സൈക്കിൾ സവാരി അച്ഛനും മകനും വ്യത്യസ്ത അനുഭൂതിയാണു സമ്മാനിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു വേദിയായ മഹാത്മാ ഗാന്ധി ഇന്ത്യയിൽ സ്ഥാപിച്ച സബർമതി ആശ്രമത്തിലേക്കു സൈക്കിൾ ചവിട്ടിയെത്തി യ ശശികുമാറിനെയും മകൻ ആനന്ദിനെയും സബർമതി ആശ്രമം മുഖ്യ രക്ഷാധികാരി അതുൽ പാണ്ഡെ ചർക്ക നൽകി സ്വീകരിച്ചു.
ആശ്രമത്തെപ്പറ്റി കൂടുതൽ മനസിലാക്കാനുള്ള സൗകര്യവും ഇവർക്കു ചെയ്തു കൊടുത്തു.കുന്നത്തങ്ങാടി വടമന വീട്ടിൽ ശശികുമാർ ജനറൽ ഇൻഷ്വറൻസ് ഏജന്റാണ്. മകൻ ആനന്ദ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.