കോട്ടയം: വിവാഹ വാഗ്ദാനം നൽകി മോനിപ്പള്ളി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും.
കൊല്ലം പറവൂർ തെക്കുംഭാഗത്ത് ആണ്ടിയഴികത്ത് മുഹമ്മദ് ഹബീബ് സലീമി (40) നാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷ വിധിച്ചത്.
2015 നവംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് കോട്ടയത്ത് വിളിച്ചുവരുത്തി കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള ടൂറിസ്റ്റ് ഹോമിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ.ജെ. തോമസായിരുന്നു കേസ് അന്വേഷിച്ചത്.അനീഷ് വി. കോര കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സതീഷ് ആർ. നായർ ഹാജരായി.