പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി സാമൂഹ്യമാധ്യമായ വാട്സ്ആപ്പ് മുഖേന നഗ്ന ചിത്രങ്ങളും വീഡിയോകളും വാങ്ങി നിരന്തരം ശല്യം ചെയ്ത വയനാട് പെരിയ സ്വദേശിയായ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.
പാലായിലുള്ള മൊബൈൽ ഷോപ്പിലെ ജീവനക്കാരനായ യുവാവ് ഷോപ്പിലെത്തിയ പെണ്‍കുട്ടിയുമായി സൗഹൃദത്തിൽ ആവുകയായിരുന്നു.പെണ്‍കുട്ടിയുടെ മൊബൈൽ നന്പർ കരസ്ഥമാക്കിയ പ്രതി പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റിംഗും തുടർന്നു.
വിവാഹ വാഗ്ദാനം നൽകി പെണ്കുട്ടിയിൽനിന്നും നഗ്ന ഫോട്ടോകളും വീഡിയോകളും കരസ്ഥമാക്കിയ പ്രതി പെണ്‍കുട്ടിയെ നിരന്തരം മാനസിക പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വെളിവായത്.
തുടർന്ന് പാലാ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കളുമായെത്തി ചൈൽഡ് ഫ്രണ്ട്ലി ഓഫീസറോട് നടന്ന കാര്യങ്ങൾ കുട്ടി വ്യക്തമാക്കി. തുടർന്ന് പ്രതിക്കെതിരേ പാലാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ പാലായിൽ നിന്നും പ്രതി മുങ്ങി.
തുടർന്നു വയനാട് പെരിയയിലുള്ള എക്കണ്ടി വീട്ടിൽനിന്നും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നു പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പക്കൽനിന്നും കൃത്യത്തിനായി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്ടോപ്പും കണ്ടെടുത്തു.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാലാ എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, എസ്ഐ ജോജൻ ജോർജ്, ബിജു കെ. തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.