തളിപ്പറമ്പ്: തലവിൽ, വിളയാർക്കോട്, പെരുവാമ്പ എന്നിവിടങ്ങളിൽ തളിപ്പറമ്പ് വനം വകുപ്പ് നടത്തിയ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന 133 കിലോ ചന്ദനവുമായി മൂന്നുപേർ അറസ്റ്റിൽ.
സംഭവത്തിൽ വെള്ളോറ സ്വദേശികളായ ഗോപാലകൃഷ്ണൻ ( 48 ), പ്രദീപ് (48 ), ബിനേഷ് കുമാർ (43) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്നും 17 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ മാതമംഗലം പെരുവാമ്പ സ്വദേശി നസീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 116 കിലോ ചന്ദനവും പിടിച്ചെടുത്തു.
പ്രധാന പ്രതിയടക്കം 2 പേർ ഓടി രക്ഷപ്പെട്ടു. തലവിൽ കേന്ദ്രീകരിച്ച് ചന്ദനമരം മുറിച്ച് കടത്തുന്ന സംഘം പ്രവർത്തിച്ചു വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മുറിക്കാൻ ഉപയോഗിച്ച മഴുവും മറ്റ് ആയുധങ്ങളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നാട്ടിൻ പുറങ്ങളിൽ നിന്നും ചന്ദനം മുറിച്ചു കടത്തി വില്പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവർ.
ഇവരുടെ കൂടെയുള്ള വെള്ളോറ സ്വദേശി ഷിബു ഓടി രക്ഷപ്പെട്ടു. തുടർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി. രതീശന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നസീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
വനം വകുപ്പ് എത്തുന്നതിനു മുൻപ് നസീർ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളുടെ രണ്ട് ബൈക്കുകളും പിടികൂടിയിട്ടുണ്ട്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. വിനോദൻ, എച്ച്. ഷാജഹാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. പ്രശോഭ് , ഇ.രേഷ്മ, ഷമീന എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഓടിരക്ഷപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കി.