വൈക്കം: ചെന്പ് ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിൽ മരണം രണ്ടായി. മാതാവും മൂത്ത മകളും മരിച്ചും. പിതാവും ഇളയ മകളും മരണാസന്ന നിലയിൽ.
ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(49), മകൾ സൂര്യ(26)എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകൾ സുവർണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 11ന് ഇളയ മകൾ സുവർണ വീടിനു സമീപത്തു താമസിക്കുന്ന പിതൃ സഹോദരൻ സന്തോഷിന്റെ വീട്ടിൽ അവശനിലയിലെത്തി വിഷം കഴിച്ചതായി പറഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾ വിവരമറിഞ്ഞത്.
ബന്ധുക്കളും സമീപവാസികളും വീട്ടിലെത്തിയപ്പോൾ സുകുമാരനും ഭാര്യയും മുത്തമകൾ സൂര്യയും ഗുരുതരാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുകുമാരന്റെ ഭാര്യ സീന മരിച്ചു. പിന്നാലെ മൂത്ത മകൾ സൂര്യയും മരിച്ചു.
പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി സുകുമാരനേയും സുവർണയേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലിപണിക്കാരനാണ് സുകുമാരൻ. വീട്ടിലെ റബർ വെട്ടിയും നാട്ടിലെ മറ്റു പണികളും ചെയ്താണ് സുകുമാരൻ കുടുംബം പുലർത്തിയിരുന്നത്. സുവർണ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.
മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നു. സുവർണയ്ക്ക് കോവിഡ് വന്നുമാറിയ ശേഷം ശാരീരിക അസ്വസ്ഥതകൾ വിട്ടു മാറിയിരുന്നില്ല.
മകളുടെ രോഗാവസ്ഥമൂലമുള്ള മനോവിഷമമാകാം കുടുംബത്തോടെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്.