മുരിക്കുങ്ങൽ: വീട് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ തറകെട്ടി കാത്തിരിപ്പു തുടങ്ങിയിട്ട് ഏഴുവർഷം തികയുന്പോഴും മറ്റത്തൂർ പെരുന്പിള്ളിച്ചിറയിലെ വിധവയായ വയോധികയ്ക്ക് അടച്ചുറപ്പുള്ള വീട് ഇപ്പോഴും സ്വപ്നം മാത്രമാണ്.
താമസിക്കുന്ന ഓലക്കുടിൽ കാറ്റിൽ ചരിഞ്ഞതോടെ അയൽവീട്ടിലാണ് ഈ വയോധിക ഇപ്പോൾ അന്തിയുറങ്ങുന്നത്. പെരുന്പിള്ളിച്ചിറയിലെ ചിന്നങ്ങത്ത് രവിയുടെ വിധവ സുശീലയാണ് ഏഴുവർഷത്തോളമായി വീട് അനുവദിച്ചുകിട്ടുന്നത് കാത്തിരിക്കുന്നത്. ഏഴരസെന്റ്് സ്ഥലമാണ് ഇവർക്കുള്ളത്.
നേരത്തെ ഉണ്ടായിരുന്ന ചെറിയ ഓടിട്ടവീട് കാറ്റിൽ മരം വീണുതകർന്നു.സഹായത്തിനായി പഞ്ചായത്തധികൃതരെ സമീപിച്ചപ്പോൾ വീട് അനുവദിച്ചുതരാമെന്ന് വാക്കാൽ ഉറപ്പുനൽകിയതായി സുശീല പറയുന്നു. ഇതു വിശ്വസിച്ച ഇവർ ഉള്ളതെല്ലാം വിറ്റുപെറുക്കി വീടിനു തറകെട്ടി. എന്നാൽ ഇതുവരേയും വീട് അനുവദിക്കപ്പെട്ടില്ല.
വീടിനായി കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. കളക്ടർ നൽകിയ കത്ത് പഞ്ചായത്തധികാരികൾക്കു കൈമാറിയിട്ടും ഫലമുണ്ടായില്ലെന്ന് സുശീല പറയുന്നു.2012 മുതൽ വീടിനുവേണ്ടി അപേക്ഷയുമായി ഇവർ അധികൃത വാതിലുകളിൽ മുട്ടാൻ തുടങ്ങിയതാണ്.
അർഹരായവരുടെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടുവെങ്കിലും ഇതുവരെ വീട് അനുവദിച്ചുകിട്ടിയില്ല. തൊഴിലുറപ്പു പണിയിൽ നിന്നുള്ള കൂലിയെ ആശ്രയിച്ചാണ് ഇവർ കഴിഞ്ഞു കൂടുന്നത്. കാട്ടുപന്നികൾ വിഹരിക്കുന്ന പ്രദേശമായതിനാൽ അടച്ചുറപ്പില്ലാത്ത കുടിലിൽ അന്തിയുറങ്ങാൻ ഇവർക്കു ഭയമാണ്.
ഇഴജന്തുക്കളുടെ ശല്യവും കൂടുതലാണ്. തന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് വീട് അനുവദിച്ചുനൽകാൻ അധികാരികൾ തയാറാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ വയോധിക.