തിരുവനന്തപുരം: ഹണിട്രാപ്പിലൂടെ യുവാവിനെ തട്ടിക്കൊണ്ട ് പോയി മർദിക്കുകയും സ്വർണാഭരണങ്ങളും പണവും രേഖകളും കവർന്ന കേസിൽ ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന് വിളിയ്ക്കുന്ന സച്ചി(23)നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്ക് വേണ്ട ി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- സ്ത്രീയാണെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും വാട്ട്സ് ആപ്പിലൂടെയുമാണ് സച്ചിൻ ഉൾപ്പെട്ട പ്രതികൾ ഹണിട്രാപ്പ് നടത്തിയത്.
നെടുമങ്ങാട് സ്വദേശിയായ യുവാവിനെ പെണ്കുട്ടിയാണെന്ന് വിശ്വസിപ്പിച്ച് വശീകരിച്ച് പ്രതികൾ കഴിഞ്ഞ ദിവസം നേരിൽ കാണാനായി ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് വിളിച്ച് വരുത്തി.
സ്വന്തം കാറിൽ അവിടെയെത്തിയ യുവാവിനെ സച്ചിനും സംഘവും ചേർന്ന് ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണ മോതിരം, 16000 രൂപ, ആർസി ബുക്കിന്റെയും വാഹന ഇൻഷുറൻസിന്റെയും രേഖകൾ എന്നിവ തട്ടിയെടുത്തു.
യുവാവിനെ മർദ്ദിച്ചവശനാക്കിയ ശേഷം നഗ്നവീഡിയോ ചിത്രീകരിച്ച ശേഷം റോഡിൽ തള്ളിയിട്ട ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ഈ വിവരം പുറത്ത് പറഞ്ഞാൽ നഗ്ന വീഡിയോ പുറത്ത് വിടുമെന്നും ആവശ്യപ്പെടുന്പോൾ പണം നൽകണമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിന് ശേഷം വീട്ടിലേക്ക് പോയ യുവാവിന്റെ ഫോണിലേക്ക് പ്രതികൾ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടർന്ന് യുവാവ് ഫോർട്ട് പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് പേർ ഒളിവിലാണ് ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്.ഷാജിയുടെ നിർദേശാനുസരണം ഫോർട്ട് സിഐ. രാകേഷ്, എസ്ഐമാരായ സജു എബ്രഹാം, ദിനേശൻ, സിപിഒമാരായ സാബു, പ്രബൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.