ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് എസ്ബിഐ ശാഖയിലെ ജീവനക്കാരിയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
കോട്ടയം മൂലേടം കുന്നേൽ ജേക്കബി (36) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11.30ന് ബാങ്കിനുള്ളിലായിരുന്നു സംഭവം. ബാങ്കിലെത്തിയ ജേക്കബ് പുതുതായി അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ചുള്ള വിഭാഗത്തിലെത്തി വിവരം ആരാഞ്ഞു.
തന്റെ പിതാവ് മെഡിക്കൽ കോളജ് തീവ്രപരിചരണത്തിൽ കിടക്കുകയാണെന്നും അതിനാൽ അമ്മയുടെ പേരിൽ പുതിയ അക്കൗണ്ട് തുടങ്ങണമെന്നും പറഞ്ഞു. കൂടാതെ എടിഎമ്മിൽനിന്നു പണം വേണമെന്നും പറഞ്ഞു.
ജീവനക്കാരി എടിഎം കാർഡ് പരിശോധിച്ചപ്പോൾ 99 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇയാൾക്ക് 3,000 രൂപാ വേണമെന്നു പറഞ്ഞു.
അതിനു കഴിയില്ലല്ലോയെന്ന ജീവനക്കാരിയുടെ മറുപടിയിൽ പ്രകോപിതനായ ഇയാൾ കൈയിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ജീവനക്കാരിയുടെ കഴുത്തിനുനേരേ വീശി.
ഇതു കണ്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരൻ യുവാവിന്റെ കൈയ്ക്കു കയറിപ്പിടിച്ചു. പിടിത്തത്തിനിടയിൽ ബ്ലേഡ് കൊണ്ട് യുവാവിന്റെ ചുണ്ടും വിരലും മുറിഞ്ഞു.
ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനും ബാങ്കിന്റെ സമീപത്തെ സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർമാരും ഓടിയെത്തി യുവാവിനെ കീഴ്പ്പെടുത്തി.
തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തു.
ഉടൻ സ്ഥലത്തെത്തിയ ഗാന്ധിനഗർ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. യുവാവിനെതിരേ കേസെടുത്തു.