വീടിനുള്ളില്‍ നിന്ന് അസാധാരണ മുഴക്കം കേള്‍ക്കുന്നു ! അധികൃതര്‍ വന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

വീടിനുള്ളില്‍ അസാധാരണ മുഴക്കം കേട്ടതിനെത്തുടര്‍ന്നാണ്‌പോലൂര്‍ തേക്കേമാരാത്ത് ബിജുവിന്റെ വീട്ടിലേക്ക് അധികൃതര്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ സംഭവം ഗൗരവമുള്ളതാണെന്ന് മനസ്സിലാവുകയും ചെയ്തു.

വീട് താമസയോഗ്യമല്ലാത്തതിനാല്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

ബിജുവിന്റെ വീട്ടില്‍ മുഴക്കം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്.

ബിജുവിന്റെ വീട്ടില്‍ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും രണ്ടു ദിവസമായി ശക്തമായ തോതില്‍ ശബ്ദമുണ്ടായി. പല ഭാഗത്തായുള്ള വിള്ളലുകള്‍ കൂടിവരികയും ചെയ്തിരുന്നു.

സമീപത്ത് ബിജുവിന്റെ മാതാവ് ജാനകിയുടെ വീടിന്റെ പല ഭാഗത്തും വിള്ളലുകള്‍ രൂപപ്പെട്ടു. അടുക്കളയോടു ചേര്‍ന്ന ഭാഗം, വരാന്തയോടു ചേര്‍ന്ന മുറി, ചെറിയ വരാന്ത, കിണര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിള്ളലുകളുണ്ട്.

ഇതു സംബന്ധിച്ച് ജാനകിയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു പരാതി നല്‍കി. നിലവില്‍ രണ്ടു വീടുകളിലും താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.

ബിജുവും കുടുംബവും ഒരു മാസമായി പോലൂര്‍ സ്‌കൂളിനു സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല.

വീടിന്റെ മൂന്നു നാലു മീറ്റര്‍ താഴ്ചയിലൂടെ വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണൊലിപ്പിനുള്ള സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. മലയുടെ അടിവാരമായതിനാല്‍ ഭൂമിക്കടിയിലൂടെ ശക്തമായ നീരൊഴുക്കുള്ള പ്രദേശമാണ്.

താഴെ പശമണ്ണായതിനാല്‍ കെട്ടിടത്തിന്റെ ഭാരം മൂലം വീടിന്റെ അടിഭാഗം ഭൂമി താഴേക്ക് ഇരുന്നുപോകുന്ന സാഹചര്യമുണ്ട്. അതിനാലാണ് ചുമരില്‍ വിള്ളലുകള്‍ രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കേന്ദ്ര ഭൗമ ശാസ്ത്രപഠന ഗവേഷണ കേന്ദ്രത്തില്‍നിന്നു വിരമിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജി.ശങ്കര്‍ നേരത്തേ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിരുവനന്തപുരം സെസില്‍ നിന്നുള്ള സംഘമെത്തി പഠനം നടത്തിയത്.

Related posts

Leave a Comment