തിരുവനന്തപുരം: ചുമട്ടുതൊഴിലാളി ചുമക്കേണ്ട ഭാരം നിജപ്പെടുത്തുന്ന 2021 ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഉൾപ്പെടെ അഞ്ചു ബില്ലുകൾ നിയമസഭ പാസാക്കി.
2021 ലെ കേരള ഈറ്റ കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി), 2021 ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബില്ലുകളാണ് ഇന്നലെ പാസാക്കിയത്.
ഒരു ചുമട്ടുതൊഴിലാളി ചുമന്നുകൊണ്ട് പോകേണ്ട ഭാരം 75 കിലോഗ്രാമിൽനിന്ന് 55 കിലോഗ്രാമായി കുറയ്ക്കുകയും സ്ത്രീകളും പ്രായപൂർത്തിയാകാത്തതുമായ തൊഴിലാളികൾ ചുമക്കേണ്ട ഭാരം 35 കിലോഗ്രാമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് ചുമട്ടുതൊഴിലാളി ഭേദഗതി ബിൽ.
സംസ്ഥാനത്തെ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ലൈസൻസ് സ്വയം പുതുക്കുന്നതിനും രജിസ്ട്രേഷൻ നടത്തുന്നതിനുമായി ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയതിന് നിയമസാധുത നൽകുന്നതാണ് കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബിൽ.
സ്വയം തൊഴിൽ ചെയ്യുന്നവരുടെ അംശാദായം മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് 2021 കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ.
തൊഴിലാളികളുടെയും തൊഴിൽ ഉടമകളുടെയും അംശാദായം വർധിപ്പിക്കുന്ന വ്യവസ്ഥകളാണ് കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി (ഭേദഗതി), കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലുകളിലുള്ളത്. മന്ത്രി വി.ശിവൻകുട്ടിയാണ് അഞ്ചു ബില്ലുകളും അവതരിപ്പിച്ചത്.