പുഞ്ചവയൽ: പുഞ്ചവയൽ പാക്കാനം മേഖലയിൽ ഉണ്ടായ ശക്തമായ മഴയിൽ പക്കാനം തോട് കരകവിഞ്ഞൊഴുകി വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു.
ഇന്നലെ രാത്രി 10നു ആരംഭിച്ച മഴയ്ക്ക് ഇന്നു പുലർച്ചെ നാലോടെയാണ് നേരിയ ശമനമുണ്ടായത്. പാക്കാനം തോട് കരകവിഞ്ഞൊഴുകി. മേഖലയിലെ മൂന്ന് വീടുകൾ പൂർണമായും തകർന്നു. പാക്കാനം റേഷൻകടയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു.
നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. കുളമാക്കൽ ഭാഗത്ത് നിരവധി വൈദ്യുതി പോസ്റ്റുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
പാതിരാത്രിയിൽ പലവീടുകളിലും വെള്ളം കയറിയത് അപകട സാധ്യത വർധിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തോടിന്റെ വശങ്ങളിലുള്ള വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
തേക്കിൻ കൂപ്പ് ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. പോലീസിനെയും നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.