അഞ്ചല്‍ : കിഴക്കന്‍ മേഖലയില്‍ ഭീതിപരത്തി ഉരുള്‍പൊട്ടൽ. കുളത്തുപ്പുഴ പഞ്ചായത്തിലെ അന്പതേക്കര് ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നിമാന് തോട് കരകവിഞ്ഞ് ഒഴുകി.
ഇതോടെ അന്പതേക്കര് പാലം മുങ്ങി. ആദിവാസി കോളനികള്‍ ഉള്‍പ്പെടുന്ന അന്പതേക്കര് വില്ലുമല തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ മൂന്നോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുവീടുകളിലും വെള്ളം കയറി.
പുലര്‍ച്ചയോടെ ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായതു മനസിലാക്കി സാധനങ്ങള്‍ മാറ്റുന്നത്തിനു മുമ്പ് തന്നെ വീടുകളില്‍ വെള്ളം ഇരച്ചു കയറിയതായി നാട്ടുകാര്‍ അറിയിച്ചു. ഈ വീടുകളിലെ റേഷന്‍ കാര്‍ഡ് അടക്കം രേഖകള്‍ ഉള്‍പ്പടെ നഷ്ടമായതായി വീട്ടുകാര്‍ പറഞ്ഞു.
അതേസമയം ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഗ്രാമപഞ്ചായത്ത്, പോലീസ് അധികൃതര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആര്യങ്കാവ് മേഖലകളിലും വ്യാപകമായ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മലവെള്ള പാച്ചിലില്‍ തോട്ടം മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. റോഡുകളില്‍ കല്ലും ചെളിയും നിറഞ്ഞിട്ടുണ്ട്. ആര്യങ്കാവ് മുരുകന്‍പാഞ്ചാല്‍ ചേനഗിരി ആറിനുകുറുകെയുള്ള പാലത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ ചെറിയ വാഹനങ്ങള്‍ മാത്രമേ ഇതുവഴി കടത്തിവിടുന്നുള്ളു.
അമ്പനാട് ഫ്ലോറന്‍സ് ഭാഗത്തും ഉരുപൊട്ടല്‍ ഉണ്ടായിട്ടുണ്ട്. അമ്പനാട് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളപായം എങ്ങും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം തന്നെ വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടുണ്ട്.