തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കാജൽ അഗർവാൾ. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള കാജൽ കഴിഞ്ഞ വർഷമാണ് വിവാഹിതയായത്.
മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ചുവിനെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വർഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്.
മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
താരത്തിന്റെ വിവാഹാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രിയ നായികയുടെ വിവാഹം സോഷ്യൽമീഡിയയും ആഘോഷമാക്കിയിരുന്നു.
അടുത്തിടെയാണ് കാജൽ അമ്മയാകാൻ പോകുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ ഈ കിംവദന്തികളുടെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാജൽ.
ഗർഭിണിയാണോ എന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സമയമാകുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കുമെന്നുമാണ് കാജൽ പ്രതികരിച്ചത്.
അമ്മയെന്ന പദവി നന്നായി കൈകാര്യം ചെയ്യുന്ന എന്റെ സഹോദരി നിഷയെ കാണുമ്പോൾ ഉടൻ തന്നെ അമ്മയാകാൻ എന്നെ പ്രേരിപ്പിക്കാറുണ്ട്. മാതൃത്വം ഒരു അദ്ഭുതകരമായ വികാരമാണെന്ന് ഞാൻ കരുതുന്നു.
ജീവിതത്തിന്റെ ആ ഘട്ടത്തിൽ ഒരാൾ സ്വയം തിരിച്ചറിവിലൂടെ കടന്നുപോകുന്നതായി എനിക്ക് തോന്നുന്നു. നിഷയുടെ കുഞ്ഞിനെ ഞങ്ങളുടെ കുഞ്ഞിനെപ്പോലെയാണ് കരുതുന്നതും സ്നേഹിക്കുന്നതും.
അതിനാൽ തന്നെ അമ്മയായ പ്രതീതിയാണ് എനിക്ക് തോന്നുന്നത്. ഗൗതമിനും എനിക്കും ഇതിനകം മാതാപിതാക്കളായി എന്ന തോന്നൽ ആ കുഞ്ഞ് നൽകുന്നുണ്ട്.
സ്വന്തമായി ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ ജീവിതത്തിൽ കുറച്ചുകൂടി മാറ്റം വരുമെന്നും കരുതുന്നു-കാജൽ പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് കാജലും ഗൗതമും അവരുടെ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്.
ഗൗതം എപ്പോഴും തന്നെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും താൻ സിനിമകൾ ചെയ്യണമെന്നും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമാണ് അദ്ദേഹം സന്തോഷിക്കുന്നതെന്നും കാജൽ മുന്പു പറഞ്ഞിരുന്നു.