ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ്റ്റേഷൻ ഏതു നമിഷവും ഇടിഞ്ഞു വീഴാം
കാഞ്ഞാണി: സീലിംഗ് അടർന്നു വീണ് അപകടാവസ്ഥയിലായ ഒരു പോലീസ് സ്റ്റേഷൻ. അതിനുള്ളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം പോലീസുകാർ.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കാലപ്പഴക്കം ചെന്ന് തകർന്നുവീണും തുടങ്ങിയ കെട്ടിടത്തിൽ ഭീതിയിലാണ് ഇവർ. ജില്ലയിലെ തന്നെ ഏറ്റവും ശോചനീയാവസ്ഥയിലായ വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്റെ ദുരവസ്ഥ ഉന്നത ഉദ്യോഗസ്ഥർ കണ്ടി ല്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു.
മഴക്കാലത്തു സീലിംഗ് അടർന്നു താഴെവീണു പോലീസുകാർക്കു പരിക്കേറ്റിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെട്ടു തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിൽ വാടാനപ്പിള്ളി – തൃശൂർ റോഡിൽ നടുവിൽക്കരയിലെ സ്ഥലം സൗജന്യ നിരക്കിൽ വാങ്ങി.
പുതിയ പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി. എന്നാൽ, ആ സ്ഥലത്തിന്റെ ആധാരത്തിൽ നിലം എന്നു രേഖപ്പെടുത്തിയതിനാൽ പദ്ധതി നടപ്പിലായില്ല.ഇവിടെ ജോലി ചെയ്യുന്ന പോലീസുകാർ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടിയാണു സ്റ്റേഷനകത്തു ജോലി ചെയ്യുന്നത്.
എസ്എച്ച്ഒയ്ക്ക് ഇരിക്കാൻ മാത്രമാണു പ്രത്യേക മുറിയുള്ളത്. സന്ദർശകർക്കുള്ള വരാന്തയിൽ മറവച്ചു താൽക്കാലിക കൗണ്ടർ അടിച്ചാണു രണ്ട് എസ്ഐമാർ ഇരിക്കുന്നത്. അതിനാൽ സന്ദർശകരുടെ ഇരിപ്പിടം കാർപോർച്ചിനടുത്തേക്കു മാറ്റി.
പോലീസ് ഉദ്യോഗസ്ഥർക്കു ക്വാർട്ടേഴ്സുകൾ ഇല്ലെന്നതും അധികൃതരുടെ അനാസ്ഥയാണ്. സ്ഥലംമാറി വരുന്ന ഉദ്യോഗസ്ഥർക്കു കുടുംബത്തെ താമസിപ്പിക്കാൻ വേണ്ടി വലിയ നിരക്കിൽ വാടകവീട് എടുക്കേണ്ടി വരുന്നതായി പറയുന്നു. ഏതാനും പോലീസുകാർ സ്റ്റേഷനു മുകളിൽ ടെന്റ് അടിച്ചാണു താമസിക്കുന്നത്.
അടിയന്തരമായി സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണിത് ഏതു നിമിഷവും നിലംപതിക്കാവുന്ന സ്റ്റേഷൻ മാറ്റിസ്ഥാപിച്ച് ഇവിടെ ജോലി ചെയ്യുന്ന പോലീസുകാരെയും സന്ദർശകരെയും സംരക്ഷിക്കാൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.