ആമ്പല്ലൂർ: മുളന്തുരുത്തി പഞ്ചായത്ത് പരിധിയിൽ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ചിക്കൻ ലഭ്യമാക്കുന്നതിനുള്ള കേരള ചിക്കൻ സെന്റർ മുളന്തുരുത്തി പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത് ടൗണിൽ നിന്ന് കിലോമീറ്ററുകൾ മാറി പെരുമ്പിള്ളി മറ്റത്താൻ കടവ് റോഡിൽ.
പൊതുവാഹന സൗകര്യങ്ങളില്ലാത്തതും മുളന്തുരുത്തിയിൽ നിന്ന് എത്തിപ്പെടാൻ ഏറെ ദൂരമുള്ള ഇടത്താണ് ചിക്കൻ സെന്ററെന്നാണ് പരാതി.
ടൗണിലായിരുന്നെങ്കിൽ ബസിലെത്തി സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ചിക്കൻ വാങ്ങാൻ കഴിയുമായിരുന്നു.
ജനകീയ ഹോട്ടൽ മുളന്തുരുത്തിയിൽ നിന്ന് കിലോമീറ്ററുകൾ മാറി കാരിക്കോട് സ്ഥാപിച്ചത് വിവാദമായതിനു പിന്നാലെയാണ് കേരളചിക്കൻ സെന്ററും ഉയർന്നു വരുന്നത്.
കൃത്യമായ മാലിന്യ സംസ്കരണമില്ലെന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരിസരവാസികൾ ചിക്കൻ സെന്ററിനെതിരെ പഞ്ചായത്തിൽ പരാതികൾ നല്കിയിരുന്നു.
കോഴി മാലിന്യം സമീപത്തെ തോട്ടിൽ തള്ളുന്നതും മാലിന്യം കടിച്ചു വലിക്കാനായി ഈ പ്രദേശത്ത് തെരുവുനായ്ക്കൾ പെരുകുന്നതും പതിവാണെന്ന് പരിസരവാസികൾ പറയുന്നു.
തോട്ടിലും സമീപത്തെ പൊതുകുളത്തിലും തെരുവുനായ്ക്കളുടെ ജഡം ഒഴുകി നടന്നിരുന്നു. ജലം മലിനമായതിനെ തുടർന്ന് സമീപത്തുള്ള വീട്ടിലെ കിണർ മണ്ണിട്ട് മൂടി കളയേണ്ട അവസ്ഥയുമുണ്ടായി.
പരാതികൾ പരിഹരിച്ച് മുളന്തുരുത്തി നിവാസികൾക്ക് സമീപസ്ഥമായ സ്ഥലത്തേക്ക് ചിക്കൻ സെന്റർ മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.