സ്വന്തം ലേഖകന്‍
കോഴിക്കോട്: തീവ്രവാദ ബന്ധമുള്‍പ്പെടെ സംശയിക്കുന്ന രീതിയില്‍ വിദേശത്തു നിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന സമാന്തരഎക്സ്ചേഞ്ച് കേസിന്റെ അന്വേഷണത്തിനിടെ ഒളിവിലുള്ള പ്രതി ഉല്ലാസയാത്ര നടത്തി !
കോഴിക്കോട് ചാലപ്പുറം സ്വദേശി ഷബീര്‍ ആണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) പോലീസും അന്വേഷിക്കുന്നതിനിടെ ഉല്ലാസ യാത്ര നടത്തിയത്.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് കോഴിക്കോട്ട് വിവിധ ഭാഗങ്ങളിലായി സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.
കസബ, മെഡിക്കല്‍ കോളജ്, നല്ലളം പോലീസ് സ്റ്റേഷന് പരിധിയിലായി ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളായിരുന്നു കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ ജീവനക്കാരന് കൊളത്തറ ശാരദാമന്ദിരം സ്വദേശി ആഷിഖ് മന്‍സിലില്‍ ജുറൈസിനെ ആദ്യം അറസ്റ്റുചെയ്തു.
കോഴിക്കോട്ടെ എക്സ്ചേഞ്ചുകളുടെ നടത്തിപ്പുകാരായ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍, പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണ പ്രസാദ്, ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസലാമില്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവരെ അന്വേഷിച്ചെങ്കില്‍ ഇവര്‍ മുങ്ങുകയായിരുന്നു.
വയനാട് മുതല്‍ മണാലി വരെ
കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടക്കുമ്പോള്‍ ഷബീര്‍ വയനാട്ടിലായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കസബ പോലീസ് നടത്തിയ ആദ്യഘട്ട അന്വേഷണത്തില്‍ ഷബീര്‍ വയനാട്ടില്‍ എത്തിയതായാണ് വിവരം ലഭിച്ചത്.
വയനാട്ടില്‍ ഇവരുടെ ബന്ധുവിന്റെ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഷബീറിനെ തേടി പോലീസ് വയനാട്ടിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് അവിടെനിന്നു മാറുകയായിരുന്നു.
വയനാട്ടില്‍ ഒരു ദിവസമാണ് താമസിച്ചിരുന്നതെന്നാണ് സമാന്തര കേസന്വേഷിച്ചിരുന്ന സി-ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പിന്നീട് ഇവിടെനിന്നു ബംഗളൂരുവിലെത്തി. അവിടെനിന്ന് ഔറംഗബാദ് വഴി ഗുജറാത്തിലെ വഡോദരയിലും തുടർന്ന് അഹമ്മദാബാദിലും എത്തിയിരുന്നതായുമാണ് സൂചന.
അഹമ്മദാബാദില്‍നിന്ന് ജയ്പൂര്‍ വഴി ഡല്‍ഹിയിലും അവിടെനിന്ന് മണാലിയിലും പോയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
ഈ യാത്രയിലെല്ലാം കുടുംബവും ഒപ്പമുണ്ടായിരുന്നു. ആഴ്ചകള്‍ നീണ്ട യാത്രക്കൊടുവില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി അവിടെ നിന്ന് കോയമ്പത്തൂരില്‍ കുടുംബത്തെ എത്തിക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തല്‍.
കോയമ്പത്തൂരില്‍നിന്നു ഷബീര്‍ എവിടേക്ക് പോയെന്നതു സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
യാത്ര കാറില്‍
ഷബീറിനെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിബ്രാഞ്ച് ലുക്കൗട്ട്നോട്ടീസ് പുറത്തിറിക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഈ ലുക്കൗട്ട് നോട്ട് എല്ലാ വിമാനതാവളങ്ങളിലും നല്‍കിയിരുന്നു. ഇതിനാല്‍ ആഭ്യന്തര യാത്രയ്ക്കും ഷബീറിന് വിമാനത്തെ ആശ്രയിക്കാനായില്ല.
വിമാനത്താവളത്തിലെത്തിയാല്‍ പിടിക്കപ്പെടുമെന്നതിനാല്‍ യാത്ര മുഴുവന്‍ കാറിലായിരുന്നുവെന്നാണ് കണ്ടെത്തല്‍.
റൈഡിംഗിന്റെ മറവില്‍ സമാന്തര ഓപ്പറേഷന്
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഷബീര്‍ നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കാഷ്മീരിലുള്പ്പെടെ നിരവധി തവണ ഷബീര്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ഇതെല്ലാം സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടാണെന്നുമാണ് കണ്ടെത്തല്‍.
കോഴിക്കോട്ടെ മൂരിയാടുള്ള സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലെ പരിശോധനയില്‍ ലേ-ലഡാക്കിലെ ഒരു ക്യാരിബാഗ് ലഭിച്ചിരുന്നു.
ജമ്മുകാഷ്മീരിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷബീര്‍ ലേ-ലഡാക്കില്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും വിവിധ ഏജന്‍സികള്‍ക്ക് അന്നു തന്നെ വിവരം ലഭിച്ചിരുന്നു.
റൈഡിംഗിനോട് താല്പര്യമുണ്ടെന്നു വരുത്തും വിധത്തിലാണ് ഷബീര്‍ യാത്രകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഷബീറിന്റെ യാത്രകള്‍ക്കു പിന്നിലെ ലക്ഷ്യം എക്സ്ചേഞ്ച് നടത്തിപ്പാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.