കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തൽ. ഓഡി കാർ ചേസ് ചെയ്തതു കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച മാള സ്വദേശിയായ അബ്ദുൽ റഹ്മാന് പോലീസിന് മൊഴി നല്കി. ഗുരുതരമായി പരിക്കേറ്റ് റഹ്മാന് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓഡി കാർ പുറകേ പായുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. അപകടശേഷം നിമിഷങ്ങൾക്കകം ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്. കാറിൽ നിന്ന് സുഹൃത്തായ റോയ് ഇറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇരുസംഘവും മത്സരയോട്ടം ന ടത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം. നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ റോയ് ഉള്‍പ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. രണ്ടുതവണ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡിജെ പാര്‍ട്ടി നടന്ന ഹാളിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നില്ല.
നവംബര്‍ ഒന്നിന് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയതായാണു സൂചന.