തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യാവക്കൾ മരിച്ചു. പാലോട് പച്ച പാലുവളളിയിൽ ആദർശ്(20), കല്ലറ പാങ്ങോട് റാസി മൻസിലിൽ മുഹമ്മദ് റാസി(20) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കോവളത്തിനും പനത്തുറയ്ക്കുമിടയിലുളള തോപ്പുംപടി ബൈപാസിലാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബൈപാസിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ബോധരഹിതരായി കിടന്ന ഇരുവരെയും യാത്രക്കാരും പോലീസും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശ് മരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ മുഹമ്മദ് റാസിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ ഗവണ്മെന്റ് ഐടിഐയിലെ വിദ്യാർഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതിയശേഷം കോവളം വഴി വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടം സംഭവിച്ചത്.