കോടാലി: 2020-ലെ ഉജ്വലബാല്യം പുരസ്കാരത്തിനു തൃശൂർ ജില്ലയിൽനിന്ന് അർഹരായവരിൽ പതിനൊന്നുകാരി ദേവഹാരയും.
ചെന്പുച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ദേവഹാര തൃശൂർ മാനസികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരനായ മാങ്കുറ്റിപ്പാടം ചാലിപ്പറന്പിൽ ഷിബുവിന്റെയും മലപ്പുറം മങ്കട ചേരിയം സർക്കാർ ഹൈസ്കൂൾ അധ്യാപിക പ്രിയയുടെയും ഇളയ മകളാണ്.
ശില്പനിർമാണത്തിലും ചിത്രരചനയിലും കുഞ്ഞുനാൾ മുതലേ ദേവഹാര താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചിത്രകല അധ്യാപികയായ അമ്മ പ്രിയ വരയ്ക്കുന്നതുകണ്ടാണു ദേവഹാരയും ചേച്ചി ദേവാംഗനയും വരകളിലും വർണങ്ങളിലും ആകൃഷ്ടയായത്.
കോടാലി ജിഎൽപി സ്കൂളിൽ പഠിക്കുന്പോൾ ഈ കുരുന്നു ചിത്രകാരികൾ തങ്ങൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ച് ആസ്വാദകരുടെ ശ്രദ്ധനേടിയിരുന്നു.
2020-ലെ ലോക്ഡൗൺ കാലത്ത് സ്വന്തം വീടിന്റെ ചുമരിനെ കാൻവാസാക്കി മാറ്റിയ ഈ സഹോദരിമാർ ഗ്രാമീണ ജീവിതത്തിന്റെ നേർചിത്രം വർണക്കൂട്ടുകളിൽ ആവിഷ്കരിച്ചതും ശ്രദ്ധയാകർഷിച്ചിരുന്നു.
ബഷീറിന്റെ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങൾക്കു ദേവഹാര കളിമണ്ണിൽ ശില്പഭാഷ്യമൊരുക്കിയതും ശ്രദ്ധേയമായിരുന്നു.